‘അക്ഷയ കേന്ദ്രങ്ങള്‍ ബിസിനസ് സെന്ററല്ല’; സര്‍വീസ് ചാര്‍ജ് ഈടാക്കാനാവില്ലെന്ന് ഹൈക്കോടതി

കൊച്ചി:അവശ്യ സേവനങ്ങള്‍ക്കായി വരുന്ന പൊതുജനങ്ങളില്‍ നിന്ന് സര്‍വീസ് ചാര്‍ജ് ഈടാക്കാന്‍ അക്ഷയ കേന്ദ്രങ്ങള്‍ക്ക് അവകാശമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. അക്ഷയ കേന്ദ്രങ്ങള്‍ ബിസിനസ് സെന്ററുകള്‍ അല്ലെന്നും, ജനങ്ങള്‍ക്ക് സേവനങ്ങള്‍ നല്‍കുന്ന കേന്ദ്രങ്ങളാണെന്നും കോടതി ഓര്‍മിപ്പിച്ചു.ജസ്റ്റിസ് എന്‍. നഗരേഷ് ആണ് ഉത്തരവ് പുറപ്പെടുവിച്ചത്. അക്ഷയ കേന്ദ്രങ്ങളിലെ സേവനങ്ങള്‍ക്ക് സര്‍ക്കാര്‍ ഏകീകൃത നിരക്ക് ഏര്‍പ്പെടുത്തിയ ഉത്തരവിനെതിരെ ഓള്‍ കേരള അക്ഷയ എന്റര്‍പ്രണേഴ്‌സ് കോണ്‍ഫെഡറേഷന്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി.ഓഗസ്റ്റ് 6-ന് സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവില്‍ കെ-സ്മാര്‍ട്ട് വഴി നല്‍കുന്ന 13 സേവനങ്ങള്‍ക്ക് പുതുക്കിയ നിരക്ക് നിശ്ചയിച്ചിരുന്നു. വിവിധ അക്ഷയ കേന്ദ്രങ്ങളില്‍ വ്യത്യസ്ത നിരക്കുകള്‍ ഈടാക്കുന്നതായി വ്യാപകമായ പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് ഏകീകൃത നിരക്ക് നടപ്പാക്കിയത്.പ്രവര്‍ത്തനങ്ങളുടെ വ്യാപ്തി, ചെലവ്, വിഭവങ്ങളുടെ വിനിയോഗം എന്നിവ പരിഗണിക്കാതെയാണ് സര്‍ക്കാര്‍ ഉത്തരവ് വന്നതെന്നായിരുന്നു ഫെഡറേഷന്റെ വാദം. എന്നാല്‍ കോടതി അത് അംഗീകരിച്ചില്ല. എല്ലാ അക്ഷയ കേന്ദ്രങ്ങളിലും പുതുക്കിയ നിരക്കുകള്‍ വ്യക്തമാക്കിയ നിലയില്‍ പ്രദര്‍ശിപ്പിക്കണമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുണ്ട്.

Advertisements

Hot Topics

Related Articles