തിരുവനന്തപുരം:കിളിമാനൂരില്‍ പാര്‍ക്കിങിനെ ചൊല്ലിയുണ്ടായ തര്‍ക്കം സംഘര്‍ഷത്തിലേക്ക് വഴിമാറി. വീടിന് മുന്നില്‍ കാര്‍ പാര്‍ക്ക് ചെയ്തതിനെ ചോദ്യം ചെയ്ത വീട്ടുടമസ്ഥന്റെ സുഹൃത്തുക്കളെ ലക്ഷ്യമിട്ട് കാര്‍ ഇടിച്ച് കയറ്റാന്‍ ശ്രമിച്ചതായി പരാതി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.ഇന്നലെ രാത്രി പത്തരോടെയായിരുന്നു സംഭവം. കിളിമാനൂരിലെ വിനോദ് കുമാറിന്റെ വീടിന് മുന്നിലാണ് സംഘര്‍ഷം അരങ്ങേറിയത്. സമീപത്തെ തട്ടുകടയില്‍ ഭക്ഷണം കഴിക്കാന്‍ രണ്ടു കാറുകളിലായി എത്തിയ യുവാക്കള്‍ വിനോദിന്റെ വീടിന്റെ മുന്നില്‍ കാര്‍ പാര്‍ക്ക് ചെയ്തു.
വാഹനം മാറ്റണമെന്ന് വിനോദ് ആവശ്യപ്പെട്ടതോടെ വാക്കുതര്‍ക്കമുണ്ടായി.വിനോദിന്റെ പരിചയക്കാരായ രണ്ടു യുവാക്കള്‍ സംഭവസ്ഥലത്തെത്തിയതോടെ തര്‍ക്കം ശക്തമായി. തുടര്‍ന്ന് കയ്യാങ്കളിയിലേയ്ക്കും വഴിമാറി. ഇതിന്റെ ഇടയിലാണ് വിനോദിനൊപ്പമുണ്ടായിരുന്ന ആനന്ദ്, ഷാനവാസ് എന്നിവര്‍ക്കുനേരെ കാര്‍ ഇടിച്ച് കയറ്റാന്‍ ശ്രമിച്ചത്. ഇവര്‍ക്ക് പരിക്കേറ്റു. കാര്‍ സ്റ്റാര്‍ട്ട് ചെയ്ത് വേഗത്തില്‍ യുവാക്കളെ ഇടിക്കുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ വ്യക്തമായി രേഖപ്പെട്ടിട്ടുണ്ട്.സംഭവത്തിനു ശേഷം കാര്‍ ഉള്‍പ്പെടെ എത്തിയ സംഘം അസഭ്യവര്‍ഷമടക്കം നടത്തിക്കൊണ്ട് സ്ഥലത്ത് നിന്ന് ഒഴിഞ്ഞു. ഇവര്‍ മദ്യലഹരിയിലായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. വിനോദ് കുമാറും സുഹൃത്തുക്കളായ ആനന്ദും ഷാനവാസും കിളിമാനൂര്‍ പൊലീസില്‍ പരാതി നല്‍കിയെങ്കിലും ഇതുവരെ നടപടിയൊന്നും ഉണ്ടായിട്ടില്ല.