കണ്ണൂർ :പെരുമ്പാമ്പിനെ പിടികൂടി കൊന്ന് കറി വച്ച സംഭവത്തില്‍ കണ്ണൂരിൽ രണ്ട് യുവാക്കൾ അറസ്റ്റില്‍. പാണപ്പുഴയിൽ നടന്ന സംഭവത്തിൽ മാതമംഗലം സ്വദേശികളായ യു. പ്രമോദ്, സി. ബിനീഷ് എന്നിവരെയാണ് വനം വകുപ്പ് അറസ്റ്റ് ചെയ്തത്.ഇന്നലെ വൈകുന്നേരമാണ് സംഭവം. വീടിന് സമീപത്തുള്ള റബ്ബർ തോട്ടത്തില്‍ നിന്നാണ് പ്രതികള്‍ പെരുമ്പാമ്പിനെ പിടികൂടിയത്. പിന്നീട് വീട്ടിലെത്തിച്ച് കൊന്ന് കഷ്ണങ്ങളാക്കി തൊലി ഊരി മസാല പുരട്ടി പാകം ചെയ്യുകയായിരുന്നു.പാമ്പ് കറി കഴിക്കുന്നതിനിടെയാണ് വനം വകുപ്പ് സംഘമെത്തിയത്. പ്രതികളെ കസ്റ്റഡിയിലെടുത്തപ്പോൾ പെരുമ്പാമ്പിന്റെ മാംസവും തയ്യാറാക്കിയ കറിയും പിടിച്ചെടുത്തു.2022ലെ വന്യജീവി സംരക്ഷണ നിയമപ്രകാരം പെരുമ്പാമ്പ് സംരക്ഷിത ജീവിയാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്ത് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവരെ പയ്യന്നൂര്‍ കോടതിയില്‍ ഹാജരാക്കുമെന്ന് വനം വകുപ്പ് അറിയിച്ചു.
കണ്ണൂരിൽ പെരുമ്പാമ്പിനെ പിടികൂടി കൊന്ന് കറിവെച്ചു; രണ്ട് യുവാക്കള്‍ അറസ്റ്റില്‍
