പേരൂർക്കട: മോഷണക്കേസിൽ തെറ്റൊന്നും ചെയ്തിട്ടില്ലാത്ത വീട്ടമ്മയെ പൊലീസ് 20 മണിക്കൂർ 17 മിനിറ്റ് അനധികൃതമായി കസ്റ്റഡിയിൽ പാർപ്പിച്ച സംഭവത്തിന്റെ വിവരങ്ങൾ പുറത്തുവന്നു. പേരൂർക്കട സ്റ്റേഷനിൽ അന്ന് സേവനമനുഷ്ഠിച്ചിരുന്ന എസ്.ഐ എസ്.ജി. പ്രസാദാണ് ക്രൂരമായ പീഡനത്തിനും തെറിയഭിഷേകത്തിനും നേതൃത്വം കൊടുത്തത്.ഏപ്രിൽ 23ന് വൈകിട്ട് 4.30ഓടെയാണ് ബിന്ദുവിനെ പൊലീസ് പിടികൂടിയത്. തുടർന്ന് 6 മണിയോടെ എസ്.ഐ പ്രസാദിന്റെ മുന്നിൽ ഹാജരാക്കി. “മാല എടുത്തിട്ടുണ്ടോ?” എന്ന ചോദ്യത്തിന് നിരന്തരം ഇല്ലെന്ന് പറഞ്ഞിട്ടും അത് അംഗീകരിക്കാതെ വീണ്ടും വീണ്ടും ചോദ്യം ചെയ്യലും ശരീരപരിശോധനയും നടന്നു.
രാത്രി 7.30ന് വീണ്ടും മുറിയിലേക്ക് വിളിച്ചുവരുത്തിയപ്പോൾ കൈകൂപ്പി നിരപരാധിയാണെന്ന് പറഞ്ഞ ബിന്ദുവിനെതിരെ എസ്.ഐ തെറിയും ഭീഷണിയും അഴിച്ചു വിട്ടുവെന്നാണ് അന്വേഷണ റിപ്പോർട്ട് പറയുന്നത്. ‘എടീ … മാല നിൻ്റെ വീട്ടിലുണ്ടോ പണയം വെച്ചോ… പറയെടീ… കൈകെട്ടി നിക്കടി… ഇപ്പോൾ കേസെടുക്കും’ ഇങ്ങനെയായിരുന്നു എസ്.ഐ പ്രസാദിന്റെ ഭാഷ.സ്റ്റേഷൻ സിസിടിവി ദൃശ്യങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയ അന്വേഷണ റിപ്പോർട്ടിലാണ് ബിന്ദുവിനെതിരായ മാനസിക പീഡനവും കൈകൂപ്പി കരയുന്ന അവളുടെ ദയനീയാവസ്ഥയും വ്യക്തമാക്കിയിരിക്കുന്നത്.രാത്രി 9 മണിവരെ ബിന്ദുവിനെ കസേരയിൽ ഇരിക്കാൻ പോലും അനുവദിക്കാതെ നിർത്തിച്ചുവച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തുടർന്ന് തെളിവെടുപ്പ് എന്ന പേരിൽ രാത്രി 11 മണിയോടെ ബിന്ദുവിനെയും പൊലീസുകാരെയും ചേർത്ത് വീട്ടിലേക്ക് കൊണ്ടുപോയെങ്കിലും മാല കണ്ടെത്താനായില്ല. പിന്നീട് സ്റ്റേഷനിൽ തിരിച്ചെത്തിച്ച് കേസ് രജിസ്റ്റർ ചെയ്ത ശേഷം വീണ്ടും രാത്രി മുഴുവൻ ചോദ്യം ചെയ്യലും അധിക്ഷേപവും തുടർന്നു.പിറ്റേ ദിവസം രാവിലെ വീട്ടുടമയുടെ വീട്ടിലെ സോഫയിൽ നിന്നാണ് നഷ്ടമായെന്ന് പറഞ്ഞ മാല കണ്ടെത്തിയത്. ഇതോടെ പരാതി തെറ്റായിരുന്നുവെന്ന് വ്യക്തമായെങ്കിലും, ബിന്ദുവിനെ വിട്ടയക്കാൻ എസ്.ഐ പ്രസാദ് തയ്യാറായില്ല. മറിച്ച്, മാല വീടിന്റെ പിന്നിലെ ചവറ്കൂനയിൽ നിന്നാണ് കിട്ടിയതെന്ന് വ്യാജ മൊഴി നൽകാൻ വീട്ടുകാരെ നിർബന്ധിക്കുകയും എഴുതി വാങ്ങിക്കുകയും ചെയ്തുവെന്നാണ് റിപ്പോർട്ട്.രാവിലെ 9.30ഓടെ തന്നെ ബിന്ദു നിരപരാധിയാണെന്ന് തെളിഞ്ഞിട്ടും, 12.30 വരെ പൊലീസ് വിട്ടയക്കാതെ ചോദ്യം ചെയ്യലും മാനസിക പീഡനവും തുടരുകയായിരുന്നുവെന്ന് രേഖകൾ വ്യക്തമാക്കുന്നു.
ഒടുവിൽ പരാതിയില്ലെന്ന് വീട്ടുടമ എഴുതി നൽകിയതിനാലാണ് ബിന്ദുവിനെ വിടുന്നതായി എസ്.ഐ പ്രസാദ് പറഞ്ഞത്.“ഇനിയെങ്കിലും മോഷ്ടിക്കാതെ മാന്യമായി ജീവിക്ക്. പേരൂർക്കടയിലെ അമ്പലമുക്കിലോ കണ്ട് പോകരുത്” വിടവാങ്ങൽ സമയത്തും പ്രസാദിന്റെ ഭാഗത്ത് നിന്ന് ഭീഷണിയും പുശ്ചവുമായിരുന്നു.ഒരു പാവപ്പെട്ട സ്ത്രീയെ 20 മണിക്കൂർ നീണ്ട അനധികൃത കസ്റ്റഡിയിൽ പാർപ്പിക്കുകയും, നിരന്തരം അപമാനിക്കുകയും ചെയ്ത സംഭവത്തെ അന്വേഷണ റിപ്പോർട്ട് പൊലീസ് ക്രൂരതയുടെ വ്യക്തമായ ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നു.