തൃശ്ശൂർ :നാലാം ക്ലാസ്സുകാരനായിരുന്നപ്പോൾ അച്ഛനെ നഷ്ടപ്പെട്ട ജോസ്, കുടുംബത്തിന്റെ ഭാരവും ജീവിതത്തിനായുള്ള പോരാട്ടവും ഏറ്റെടുത്ത് തൃശ്ശൂർ ബസ് പേട്ടയിലെത്തി. 63 വർഷങ്ങൾ കഴിഞ്ഞിട്ടും, ഇന്ന് 73-ാം വയസ്സിൽ, ശക്തൻ നഗർ ബസ് സ്റ്റാൻഡിൽ ഇന്നും അദ്ദേഹത്തിന്റെ ‘ആൾവിളി’ മുഴങ്ങുകയാണ്.പത്തുവയസ്സുകാരനായിരിക്കെ പഠനം നിർത്തിയ ജോസ്, അച്ഛൻ കൊച്ചേപ്പന്റെ ജോലി തുടർന്നു. യാത്രക്കാരെ ബസിലേക്ക് വിളിച്ചുകയറ്റുന്ന ‘ആൾവിളി’ ജോലിയാണ് അച്ഛന്റെ സഹപ്രവർത്തകരുടെ പിന്തുണയോടെ ലഭിച്ചത്.
അന്നത്തെ തൃശ്ശൂർ ബസ് പേട്ടയിൽ 300-ഓളം ബസുകൾ സർവീസ് നടത്തിയിരുന്നപ്പോൾ, ഇന്നത് 3000-ലധികമായി.രാവിലെ ആറരയ്ക്ക് ജോലിത്തുടങ്ങുന്ന ജോസ്, കോഴിക്കോട്ടേക്കുള്ള ബസുകളിലാണ് കൂടുതലും ആൾവിളി നടത്തുന്നത്. 11 മണിയോടെ ജോലിദിവസം അവസാനിക്കും. ബസ് അറ്റൻഡ് വർക്കേഴ്സ് യൂണിയനിലെ 55 പേരോടൊപ്പം വരുമാനം പങ്കുവെക്കുന്ന ജോസിന് ശരാശരി ദിവസേന 700 രൂപ ലഭിക്കുന്നതായി പറയുന്നു.ജീവിതത്തിലെ വരുമാന പോരാട്ടത്തിൽ നിന്ന് സ്വന്തം വീട് പണിതുയർത്താനും മക്കളെ പഠിപ്പിക്കാനും കഴിഞ്ഞു. ഭാര്യ മേഴ്സിയോടൊപ്പം പറവട്ടാനിയിൽ താമസിക്കുന്ന ജോസിന്റെ മക്കളായ സെബിയും മേജോയും ബഹ്റൈനിലാണ് ഇപ്പോൾ . മകൾ മിൽക്ക തൃശ്ശൂരിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ ഫാർമസിസ്റ്റാണ്.“ജീവിതം തന്നെ മാറ്റിമറിച്ച ആ ജോലി ഇന്നും എന്റെ ജീവിതത്തിന്റെ ഭാഗമാണ്,” – ജോസ് പറയുന്നു.