രഹസ്യ ഭാഗത്ത് ഒളിപ്പിച്ചു കൊണ്ടുവരുന്ന കുപ്പി കൈനീട്ടി വാങ്ങണം,പണം നൽകണം; ബെവ്കോയുടെ പരീക്ഷണ പദ്ധതിയിൽ വലഞ്ഞ് ജീവനക്കാർ

തിരുവനന്തപുരം :പ്ലാസ്റ്റിക് ബോട്ടിൽ മദ്യത്തിന് 20 രൂപ നിക്ഷേപം വാങ്ങുന്ന ബെവ്‌കോയുടെ പരീക്ഷണ പദ്ധതി ജീവനക്കാരെ വലക്കുന്നു. തിരുവനന്തപുരം, കണ്ണൂർ ജില്ലകളിലെ 10 ഔട്ട്ലെറ്റുകളിലാണ് പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയത്.പദ്ധതി പ്രകാരം, മദ്യം വാങ്ങുമ്പോൾ 20 രൂപ അധികമായി നൽകണം. മദ്യം ഒഴിഞ്ഞ ശേഷം കുപ്പി തിരികെ നൽകി കഴിഞ്ഞാൽ 20 രൂപ തിരികെ ലഭിക്കും. എന്നാൽ, ഉപഭോക്താക്കൾ പദ്ധതിയെ മറികടക്കാൻ സ്വീകരിക്കുന്ന തന്ത്രങ്ങളാണ് ജീവനക്കാരെ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടിക്കുന്നത്.കുപ്പി നഷ്ടപ്പെടാതിരിക്കാൻ, മദ്യം വാങ്ങിയ ഉടൻ തന്നെ കൈയിൽ കൊണ്ടുവന്ന മറ്റൊരു കുപ്പിയിലേക്ക് ഒഴിച്ച് ഒഴിഞ്ഞ ബോട്ടിൽ ഉടൻ തന്നെ മടക്കി നൽകുകയാണ് പ്രധാന രീതിയായി മാറിയത്. കിലോമീറ്ററുകൾ സഞ്ചരിച്ച്‌ വീണ്ടും തിരികെ വരാനുള്ള ബുദ്ധിമുട്ട് ഒഴിവാക്കാനാണ് ഈ മാർഗം.അതേസമയം, ചിലർ കുപ്പി രഹസ്യഭാഗത്ത് ഒളിപ്പിച്ച്‌ കൊണ്ടുവരുന്നതും മടക്കി നൽകുന്നതുമാണ് ജീവനക്കാരെ അലട്ടുന്ന മറ്റൊരു വെല്ലുവിളി. ഇവ ഏറ്റുവാങ്ങേണ്ട സാഹചര്യം ജീവനക്കാരെ വിഷമത്തിലാഴ്ത്തുന്നതോടൊപ്പം രോഗങ്ങൾ പടരുമെന്ന ആശങ്കയും ഉയർത്തുന്നു.കുപ്പി ശേഖരണത്തിന് കുടുംബശ്രീയിൽ നിന്ന് പ്രത്യേകം ജീവനക്കാരെ നിയമിക്കുമെന്ന പ്രഖ്യാപനം നടപ്പായില്ല. ഇതോടെ വിൽപ്പന, കുപ്പിക്ക് മുകളിൽ സ്റ്റിക്കർ ഒട്ടിക്കൽ, രസീത് നൽകൽ, ഒഴിഞ്ഞ കുപ്പി ശേഖരണം, നിക്ഷേപം തിരികെ നൽകൽ തുടങ്ങി മുഴുവൻ ഭാരവും ബെവ്‌കോ ജീവനക്കാരുടെ ചുമലിലായി.

Advertisements

Hot Topics

Related Articles