തിരുവനന്തപുരം:പുറത്തുനിന്ന് ജ്യൂസ് വാങ്ങി കുടിക്കുന്നവരെ ഞെട്ടിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. റോഡരികില്‍ മുസംമ്പി ജ്യൂസ് ഉണ്ടാക്കുന്നുവെന്ന് പറഞ്ഞ് വില്‍പ്പന നടത്തിയ യുവാവിന്റെ വിചിത്രമായ രീതി തന്നെയാണ് ജനങ്ങളെ ആശ്ചര്യപ്പെടുത്തിയത്.വീഡിയോയുടെ തുടക്കത്തിൽ, ജ്യൂസ് എങ്ങനെ തയ്യാറാക്കുന്നുവെന്ന് കാണിക്കണമെന്ന് ചിലർ ആവശ്യപ്പെടുന്നു. ഉടൻ തന്നെ യുവാവ് ഒരു വെള്ളപ്പൊടി എടുത്ത് ഗ്ലാസിലിടുകയും, വെള്ളം ചേർത്തു കലക്കുകയും ചെയ്യുന്നു. കണ്ണടച്ചുതുറക്കുമ്പോഴേക്കും വെള്ളത്തിന് നിറം മാറി മുസംമ്പി ജ്യൂസിനോടടുത്ത രൂപവും മണവും ലഭിക്കുന്നു. ദൃക്സാക്ഷികളുടെ മൊഴിപ്രകാരം, സാധാരണ മുസംമ്പി ജ്യൂസ് പോലെ തന്നെയായിരുന്നു മണവും രുചിയും.
ഇതിന് ശേഷം ജനങ്ങള്‍ വില്‍പ്പനക്കാരനോട് താനുണ്ടാക്കിയ പാനീയം തന്നെ കുടിക്കണമെന്ന് ആവശ്യപ്പെടുന്നു. നിർബന്ധിതനായ യുവാവ് അത് കുടിക്കുന്ന ദൃശ്യം വീഡിയോയിൽ വ്യക്തമായി കാണാം. കെമിക്കലൊന്നുമല്ല, ജ്യൂസ് തയ്യാറാക്കുന്ന മിക്സാണിതെന്ന് യുവാവിന്റെ വാദം.ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയ്ക്കൊപ്പം, “റോഡ്സൈഡില്‍ നിന്ന് ഇത്തരം പാനീയങ്ങള്‍ വാങ്ങുമ്പോള്‍ ജാഗ്രത വേണം” എന്ന മുന്നറിയിപ്പും പങ്കുവെച്ചിട്ടുണ്ട്. വീഡിയോ വളരെ പെട്ടെന്ന് തന്നെ വൈറലായതോടെ, നിരവധി പേരാണ് ഇത്തരം ജ്യൂസുകൾ ആരോഗ്യത്തിന് അപകടകരമാണെന്ന മുന്നറിയിപ്പ് നൽകിയത്. ഗുരുതര രോഗങ്ങൾക്ക് കാരണമാകാമെന്നും ആശങ്ക ഉയർന്നു.അതേസമയം, ചിലർ യുവാവിനെ പിന്തുണച്ചുകൊണ്ട് കമന്റുകളുമിട്ടിട്ടുണ്ട്. “വലിയ കമ്പനികൾ പാക്ക് ചെയ്ത് വിൽക്കുന്ന ജ്യൂസുകളുടെ കാര്യത്തിൽ ആരും ചോദ്യം ചെയ്യുന്നില്ല, എന്നാൽ റോഡ്സൈഡിൽ ഒരാൾ വിറ്റാൽ മാത്രമേ പ്രശ്നമാകുന്നുള്ളൂ” എന്നാണ് അവരുടെ വാദം.