മണ്ണിനടിയില്‍ കരച്ചിൽ; ഉറുമ്പുകൾ പൊതിഞ്ഞ പെൺകുഞ്ഞിന് രക്ഷകനായത് ആട്ടിടയൻ

ബറേലി:യുപിയില്‍ പെണ്‍കുഞ്ഞിനെ ജീവനോടെ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. ബറേലിയിലെ ഷാജഹാൻപുരിലെ ബഹഗുല്‍ നദീതീരത്താണ് കുഞ്ഞിനെ കുഴിച്ചിട്ടിരുന്നത്.പാലത്തിനടിയിലെ മണ്ണിനടിയില്‍ നിന്നും കരച്ചില്‍കേട്ട ആട്ടിടയനാണ് കുഞ്ഞിനെ രക്ഷിച്ചത്.കന്നുകാലികളെ മേയ്‌ക്കാനെത്തിയ ഇയാള്‍ കരച്ചില്‍ കേട്ട് സ്ഥലത്ത് തെരച്ചില്‍ നടത്തിയപ്പോൾ,മണ്‍കൂനയ്‌ക്കുള്ളില്‍ നിന്നും പുറത്തേക്ക് നീണ്ട കൈയാണ് ആദ്യം കണ്ടത്.ബാക്കി ശരീരഭാഗങ്ങളെല്ലാം മണ്ണിനടിയിലായിരുന്നു. മണ്ണില്‍ നിന്നും പുറത്തേക്ക് എടുക്കുമ്പോൾ ഉറുമ്പുകൾ പൊതിഞ്ഞ് രക്തംവാർന്ന അവസ്ഥയിലായിരുന്നു കുഞ്ഞ്.

Advertisements

സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് കുഞ്ഞിനെ തൊട്ടടുത്തുള്ള ഹെല്‍ത്ത്സെന്ററിലേക്കും പിന്നീട് മെഡിക്കല്‍ കോളേജിലേക്കും ചികിത്സയ്‌ക്കായി കൊണ്ടുപോയി. കുഞ്ഞിന് 15 ദിവസം പ്രായം വരുമെന്ന് മെഡിക്കല്‍ കോളേജിലെ പ്രിൻസിപ്പല്‍ ഡോ. രാജേഷ് കുമാർ പറഞ്ഞു. തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന കുഞ്ഞ് ഇപ്പോഴും അപകടനില തരണംചെയ്‌തിട്ടില്ല.കുഞ്ഞിനെ ഒരടി താഴ്‌ചയിലാണ് കുഴിച്ചിട്ടിരുന്നത്. എന്നാല്‍, ശ്വാസം കിട്ടാനായി വിടവിട്ടിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച്‌ പ്രതികളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

Hot Topics

Related Articles