ദുബായ്: പ്രവാസ ലോകത്ത് ഏറെ പേടിപ്പിക്കുന്ന പ്രശ്നങ്ങളിൽ ഒന്നാണ് അപ്രതീക്ഷിതമായ ജോലി നഷ്ടപ്പെടല്‍. സ്വദേശിവത്കരണത്തിന്റെ കർശന നടപടികൾ മൂലം പലർക്കും നാട്ടിലേക്ക് മടങ്ങേണ്ടി വന്നിട്ടുണ്ട്. എന്നാല്‍, ഈ സാഹചര്യം മറികടക്കാനാകുന്ന പുതിയൊരു ട്രെൻഡാണ് ഇപ്പോള്‍ ദുബായിൽ ഉയർന്ന് വരുന്നത്. യുവാക്കൾ അധിക വരുമാനത്തിനായി എയർബിഎൻബിയെ (Airbnb) ആശ്രയിക്കുന്നതാണ് പുതിയ വഴിത്തിരിവ്.ചെറിയ അപ്പാർട്ടുമെന്റുകള്‍ ദീർഘകാലത്തേക്ക് വാടകയ്ക്ക് എടുത്ത് ‘ഹോളിഡേ ഹോംസ്’ ആയി സജ്ജീകരിച്ചാണ് ഇവരുടെ ബിസിനസ് മാതൃക. ചിലര്‍ പ്രത്യേകിച്ച് ഹ്രസ്വകാല വാടകയ്ക്കായി പ്രോപ്പർട്ടികള്‍ സ്വന്തമായി വാങ്ങുകയും മനോഹരമായി ഫർണിഷ് ചെയ്ത് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുകയും ചെയ്യുന്നു.
ജോലിയോ വ്യക്തമായ പദ്ധതിയോ ഇല്ലാതെ ദുബായിൽ എത്തിയ 23 കാരിയായ യുകെ സ്വദേശിനി ചെയ്ൻ ഹോഗണ്‍ ഇതിന്റെ വിജയകരമായ മാതൃകയാണ്. ഒരു രണ്ടു കിടപ്പുമുറിയുള്ള അപ്പാർട്ടുമെന്റിൽ നിന്നാണ് അവർ ബിസിനസ് ആരംഭിച്ചത്. ഇന്ന് ഏകദേശം 10 പ്രോപ്പർട്ടികളടങ്ങിയ പോർട്ട്ഫോളിയോയാണ് അവര്‍ക്കുള്ളത്. ചിലത് സ്വന്തം ഉടമസ്ഥതയിലുള്ളതും ചിലത് ക്ലയന്റുകള്‍ക്കായി കൈകാര്യം ചെയ്യുന്നതുമാണ്.ശൈത്യകാലമാണ് എയർബിഎൻബി ബിസിനസിന് ഏറ്റവും ആവശ്യമുള്ള സമയം. പ്രത്യേകിച്ച് ഡിസംബർ അവസാനം യുഎഇ വിനോദസഞ്ചാരികളാൽ നിറഞ്ഞൊഴുകുന്ന വേളയിൽ. വേനൽക്കാലത്ത് ഉണ്ടാകുന്ന ഇടിവ് ഈ സമയത്ത് മികച്ച രീതിയിൽ നികത്താനാകുമെന്നാണ് ഹോഗണ്‍ വ്യക്തമാക്കുന്നത്.നിയമങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കേണ്ടത് അത്യാവശ്യമാണെന്നും, തുടക്കത്തിൽ ബുദ്ധിമുട്ടുകൾ ഉണ്ടായാലും ശരിയായ രീതിയിൽ പഠിച്ചാൽ ബിസിനസ്സ് വളർച്ച നേടുമെന്നും ഹോഗണ്‍ കൂട്ടിച്ചേർത്തു.