രാജസ്ഥാൻ :വിവാഹജീവിതം 20 വർഷം പിന്നിട്ടിട്ടും കുട്ടികളില്ലെന്ന കാരണത്താൽ 42കാരിയെ ക്രൂരമായി കൊന്നു. ദീഗ് ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം. ചാണകം കൂട്ടിയിട്ട് ജീവനോടെ കത്തിച്ചുകൊന്നത് സരള ദേവിയെയാണ്.ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. പകുതി കത്തിക്കരിഞ്ഞ സരള ദേവിയുടെ മൃതദേഹം ഉടൻ സംസ്കരിക്കാനുള്ള ശ്രമം ഭര്‍തൃവീട്ടുകാർ നടത്തി. വിവരം ലഭിച്ച പൊലീസുകാർ എത്തി സംസ്കാരം തടഞ്ഞപ്പോൾ, നാട്ടുകാരും ഭര്‍തൃവീട്ടുകാരും ചേർന്ന് യൂണിഫോമിലുള്ള ഉദ്യോഗസ്ഥരെ തന്നെ മർദിച്ചു.സരളയുടെ സഹോദരൻ വിക്രാന്ത് നൽകിയ പരാതിയിൽ, ഏറെക്കാലമായി കുട്ടികളില്ലെന്ന കാരണത്താൽ ഭര്‍തൃവീട്ടുകാർ നിരന്തരമായി അപമാനിച്ചു വരികയായിരുന്നു.
2005ലാണ് സരളയും അശോകും വിവാഹിതരായത്. ഭര്‍ത്താവ് അശോകിനൊപ്പം ഭര്‍തൃപിതാവ് സുഖ്ബീർ സിംഗ്, ഭര്‍തൃമാതാവ് രാജ്വതി, ഭര്‍തൃ സഹോദരി ഭര്‍ത്താവ് ത്രിലോക്, സഹോദരിമാരായ പൂജ, പൂനം എന്നിവർക്കെതിരെയാണ് പരാതി.സംഭവം പുറത്തുവരാതിരിക്കാനാണ് മൃതദേഹം ഉടൻ സംസ്കരിക്കാൻ ശ്രമിച്ചതെന്ന് പൊലീസ് അറിയിച്ചു. പിന്നീട് മൃതദേഹം പിടിച്ചെടുത്ത് മോർച്ചറിയിലേക്ക് മാറ്റുകയും പോസ്റ്റ്മോർട്ടം പൂർത്തിയാക്കിയ ശേഷം സരളയുടെ വീട്ടുകാർക്ക് കൈമാറുകയും ചെയ്തു.സംഭവത്തിൽ കൊലക്കുറ്റം, തെളിവ് നശിപ്പിക്കൽ, സർക്കാർ ജോലിയിൽ തടസ്സം സൃഷ്ടിക്കൽ എന്നീ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്. പൊലീസ് എത്തിയതിന് പിന്നാലെ ഭര്‍തൃവീട്ടുകാരും നാട്ടുകാരും ഒളിവിൽ പോയിരിക്കുകയാണ്. ഇവരെ കണ്ടെത്താനുള്ള പരിശ്രമം പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്.