കൊച്ചി :വിദേശത്ത് ജോലി നല്‍കാമെന്ന പേരിൽ പത്രങ്ങളില്‍ വരുന്ന പരസ്യങ്ങളില്‍ വിശ്വസിച്ച് തട്ടിപ്പിനിരയാകുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുകയാണെന്ന് പ്രവാസി കമ്മീഷൻ ചെയർപേഴ്സണ്‍ ജസ്റ്റിസ് സോഫി തോമസ് അറിയിച്ചു. അംഗീകാരം ഇല്ലാത്ത ഏജൻസികളില്‍ ആളുകള്‍ പണം ഏല്‍പ്പിക്കുന്നതും, പിന്നീട് കമ്പനിയെയോ വ്യക്തികളെയോ കണ്ടെത്താനാകാതെ വലയുന്നതുമാണ് പതിവ്.അദാലത്തിൽ പങ്കെടുത്ത ഒരു കേസിൽ, വിദേശ തൊഴിൽ വാഗ്ദാനം ചെയ്യുന്ന പരസ്യം കണ്ട യുവതി, നൽകിയ നമ്പറിൽ ബന്ധപ്പെടുകയും 350 ദിർഹം അക്കൗണ്ടിലേക്ക് അയച്ചു നല്‍കുകയും ചെയ്തു. എന്നാൽ ആഴ്ചകള്‍ക്കിപ്പുറവും വിവരം ലഭിക്കാത്തതോടെ നടത്തിയ അന്വേഷണത്തിൽ പണം കൈപ്പറ്റിയ ആളുടെ വിലാസമോ നാടോ ഒന്നും കണ്ടെത്താനായില്ല.
“പത്ര പരസ്യങ്ങളില്‍ വരുന്ന ജോലി വാഗ്ദാനങ്ങള്‍ പരിശോധിക്കാതെ പണം കൈമാറുന്നത് വലിയ അപകടമാണ്. കമ്പനിയുടെ രജിസ്ട്രേഷന്‍, സര്‍ക്കാര്‍ അംഗീകാരം തുടങ്ങിയ രേഖകള്‍ പരിശോധിക്കാതെ പോകുന്നവര്‍ പലരും വഞ്ചിതരാകുകയാണ്,” എന്ന് പ്രവാസി കമ്മീഷൻ ചെയർപേഴ്സണ്‍ വ്യക്തമാക്കി.ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതില്‍ മാധ്യമങ്ങള്‍ക്കും പ്രധാന പങ്ക് വഹിക്കണമെന്ന് അവർ ഓർമ്മിപ്പിച്ചു.കാക്കനാട് സിവില്‍ സ്റ്റേഷനില്‍ നടന്ന പ്രവാസി കമ്മീഷൻ അദാലത്തില്‍ 49 കേസുകളാണ് പരിഗണിച്ചത്. അഞ്ചെണ്ണം പരിഹരിച്ചു. മറ്റ് കേസുകള്‍ വിശദമായ അന്വേഷണത്തിനും തുടർ നടപടികള്‍ക്കുമായി മാറ്റി. 40 പുതിയ കേസുകളും ലഭിച്ചിട്ടുണ്ട്.എല്ലാ മാസവും രണ്ടാമത്തെ ചൊവ്വാഴ്ച സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ പ്രവാസി കമ്മീഷൻ അദാലത്ത് നടക്കും. അടുത്ത അദാലത്ത് ഒക്ടോബർ 14 ന് കോട്ടയത്താണ്.