ന്യൂഡൽഹി :ട്രെയിനിൽ ടിക്കറ്റ് വാങ്ങാതെ യാത്ര ചെയ്തുവെന്നാരോപിച്ച് ടിടിഇ ചോദ്യം ചെയ്തപ്പോൾ യുവതി വാക്കേറ്റത്തിലും വിവാദപരമായ പെരുമാറ്റത്തിലും ഏർപ്പെട്ട സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.വീഡിയോയുടെ തുടക്കത്തിൽ ടിക്കറ്റ് ചോദിച്ച ഉദ്യോഗസ്ഥനോട് യുവതി “അന്ധേ ഹോ ക്യാ?” (നിങ്ങൾക്ക് കണ്ണില്ലേ?) എന്ന ചോദ്യം ഉന്നയിച്ച് വാക്കേറ്റം തുടങ്ങുന്നതാണ് കാണുന്നത്. പിന്നാലെ ജീവനക്കാരൻ തന്നെ മോശമായി പെരുമാറിയെന്നാരോപിച്ച് സംഭാഷണം വഴിതിരിച്ചുവിടാൻ യുവതി ശ്രമിച്ചു.എന്നാൽ, മറ്റ് യാത്രക്കാർ ഇടപെട്ട് ടിടിഇയ്ക്ക് പിന്തുണ നൽകുകയും യുവതിയോട് ശബ്ദം കുറക്കാനും, മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കാതിരിക്കാനുമാവശ്യപ്പെട്ടു. “സ്ത്രീകളുടെ അവകാശങ്ങൾ ദുരുപയോഗം ചെയ്യരുത്” എന്ന മുന്നറിയിപ്പും സഹയാത്രികർ നൽകി.
വീഡിയോയുടെ അവസാന ഭാഗത്ത് യുവതി ജീവനക്കാരനെ അടിക്കാൻ ശ്രമിക്കുന്നതും കാണാം. ഇതോടെ ജീവനക്കാരൻ “നിങ്ങൾ ജയിലിൽ പോകും” എന്ന് മുന്നറിയിപ്പ് നൽകുന്നതും ദൃശ്യമായി.സംഭവം സോഷ്യൽ മീഡിയയിൽ ശക്തമായ വിമർശനങ്ങൾക്ക് വഴിവെച്ചു. “ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നത് മാത്രമല്ല, ഉദ്യോഗസ്ഥരോടുള്ള ഇത്തരം മനോഭാവമാണ് ആശങ്കാജനകം. സ്ത്രീശാക്തീകരണത്തിന്റെ പേരിൽ നിയമത്തെ ദുരുപയോഗം ചെയ്യുന്നതിന്റെ ഉദാഹരണമാണ് ഇത്” എന്നായിരുന്നു വീഡിയോ പങ്കുവെച്ച ഒരാളുടെ കുറിപ്പ്.വീഡിയോ വൈറലായതിനെ തുടർന്ന് റെയിൽവേ തങ്ങളുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ പ്രതികരിച്ചു. സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പൊതുജനങ്ങളിൽ നിന്ന് ആവശ്യപ്പെട്ടിരിക്കുകയാണെന്ന് റെയിൽവേ വ്യക്തമാക്കി.