പൊന്നാനി :മീൻ വിപണിയിൽ വലിയ മത്തിക്ക് ഗുരുതര ക്ഷാമം. അപൂർവമായി മാത്രമാണ് ഇപ്പോൾ ബോട്ടുകൾക്ക് വലിയ മത്തി ലഭിക്കുന്നത്. ലഭിക്കുന്നതും കുറഞ്ഞ അളവിലായതിനാൽ വിപണിയിൽ വലിയ മത്തിയുടെ വില കുത്തനെ ഉയർന്നിരിക്കുകയാണ്. ഇപ്പോഴത്തെ വില കിലോയ്ക്ക് ഏകദേശം 260 രൂപയാണ്. മത്സ്യത്തൊഴിലാളികളുടെ പറയുന്നതനുസരിച്ച്, അപൂർവമായി കിട്ടുന്നതിനാലാണ് വലിയ മത്തിക്ക് ഇത്രയും വില ലഭിക്കുന്നത്.അതേസമയം, പിടിക്കാൻ വിലക്കുള്ള കുഞ്ഞൻ മത്തി സുലഭമായി ലഭ്യമാണ്. കിലോയ്ക്ക് വെറും 25 രൂപ വരെ വിലയ്ക്കാണ് കഴിഞ്ഞ ദിവസം വിപണിയിൽ വിൽപ്പന നടന്നത്.
എന്നാൽ, 10 സെന്റിമീറ്ററിൽ താഴെയുള്ള മത്തി പിടിക്കുന്നത് ഫിഷറീസ് വകുപ്പ് നിരോധിച്ചിട്ടുള്ളതിനാൽ, ലഭിച്ച മത്സ്യത്തെ കരയിലെത്തിക്കാൻ മത്സ്യത്തൊഴിലാളികൾക്ക് ഭയമാണ്. പിടികൂടപ്പെടുമെന്നതിനാൽ പലപ്പോഴും കുഞ്ഞൻ മത്തിയെ കടലിൽ തന്നെ ഉപേക്ഷിക്കുന്ന സ്ഥിതിയുമുണ്ട്. ചിലപ്പോൾ അധികൃതരുടെ കണ്ണുവെട്ടിച്ച് കുഞ്ഞൻ മത്തിയെ വിപണിയിലെത്തിക്കുന്ന സംഭവങ്ങളും നടക്കുന്നു.ഇതിനിടെ, അയക്കൂറയും ആവോലിയും വിപണിയിൽ സുലഭമായി ലഭിക്കുന്നു. കഴിഞ്ഞ ദിവസം പൊന്നാനിയിൽ കിലോയ്ക്ക് 200 രൂപയ്ക്കാണ് ഇവ വിറ്റഴിച്ചത്. ആവശ്യത്തിന് ലഭിക്കുന്നതിനാലാണ് വിലക്കുറവെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. നിലവിൽ 200 മുതൽ 280 രൂപ വരെയാണ് അയക്കൂറയുടെയും ആവോലിയുടെയും ചില്ലറ വില്പനവില.