തിരുവനന്തപുരം :റോഡ് നിർമാണത്തിന് കൈക്കൂലി വാങ്ങിയതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നതിനെ തുടർന്ന് തിരുവനന്തപുരം കോർപ്പറേഷനിലെ മുട്ടത്തറ വാർഡ് കൗൺസിലർ ബി. രാജേന്ദ്രനെ സിപിഎം പുറത്താക്കി.കൗൺസിലർ സ്ഥാനത്ത് നിന്നും രാജിവെപ്പിച്ചതിന് പിന്നാലെയാണ് രാജേന്ദ്രനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയത്. സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി. ജോയി എം.എൽ.എ ആണ് നടപടിയെക്കുറിച്ച് മാധ്യമങ്ങളോട് പ്രതികരിച്ചത്.ജില്ലാ കമ്മിറ്റിയും ഏരിയ കമ്മിറ്റിയും നടത്തിയ അന്വേഷണത്തിൽ രാജേന്ദ്രൻ്റെ പ്രവർത്തനം ഗുരുതരമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.’ചില പ്രവർത്തനങ്ങൾ നടത്തിയെന്ന് പാർട്ടിക്ക് ബോധ്യമായതിനാലാണ് പുറത്താക്കിയത്. മറ്റൊരു പാർട്ടിക്കും ചെയ്യാൻ കഴിയാത്ത നടപടിയാണ് സിപിഎം സ്വീകരിച്ചിരിക്കുന്നത്’ – വി. ജോയി പറഞ്ഞു.കോർപ്പറേഷനിൽ റോഡ് അറ്റകുറ്റപ്പണിക്ക് 12 ലക്ഷം രൂപ അനുവദിച്ചതിന് പിന്നാലെ രാജേന്ദ്രൻ പ്രദേശവാസികളോട് ഒരു ലക്ഷം രൂപ കമ്മീഷൻ ആവശ്യപ്പെട്ടുവെന്നായിരുന്നു ആരോപണം. പിന്നീട് രാജേന്ദ്രൻ പണം സ്വീകരിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. വിവാദം രൂക്ഷമായതോടെ പാർട്ടിക്ക് അടിയന്തര നടപടി എടുക്കേണ്ടി വന്നു.
കൈക്കൂലി വിവാദം: തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലറെ സിപിഎം പുറത്താക്കി
