തിരുപ്പതി:കേരളത്തിൽ സാധാരണയായി കണ്ടുവരുന്ന വിഷപ്പാമ്പുകളിലൊന്നായ ശംഖുവരയന്‍ കടിച്ചതോടെ സംഭവിച്ച അപൂര്‍വ്വ പ്രതികരണമാണ് ഇപ്പോള്‍ വലിയ ചര്‍ച്ചയായിരിക്കുന്നത്. ആന്ധ്രാപ്രദേശിലെ തിരുപ്പതിയിൽ വെങ്കിടേഷ് എന്ന യുവാവാണ് പാമ്പിന്റെ കടിയേറ്റത്.കടിയേറ്റയുടന്‍ തന്നെ മദ്യലഹരിയിലായിരുന്ന വെങ്കിടേഷ്, തന്റെ കൈയിൽ കടിച്ച പാമ്പിനെ പിടികൂടി തിരികെ കടിച്ച് തല അറ്റുക്കളഞ്ഞു. നാട്ടുകാർ പറയുന്നതനുസരിച്ച്, പാമ്പിനെ കൊന്ന ശേഷം അദ്ദേഹം അത് വീട്ടിലേക്ക് കൊണ്ടുപോയി തൊട്ടരികില്‍ വെച്ച് ഉറങ്ങാനായി കിടന്നതായാണ് വിവരം.
എന്നാല്‍, രാത്രി വൈകിയപ്പോൾ വെങ്കിടേഷിന്റെ ആരോഗ്യസ്ഥിതി വഷളായി. ഭീതിയിലായ വീട്ടുകാർ ഇയാളെ ആദ്യം ശ്രീകാളഹസ്തിയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പിന്നീട് നില ഗുരുതരമായതിനെ തുടര്‍ന്ന് തിരുപ്പതി റൂയിയ ആശുപത്രിയിലെ അതിതീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു.ഇപ്പോഴും വെങ്കിടേഷ് അപകടനില തരണം ചെയ്തിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം. സംഭവത്തിന്റെ അപൂര്‍വ്വ സ്വഭാവം കാരണം പ്രദേശത്ത് സംഭവം ചര്‍ച്ചാവിഷയമായിരിക്കുകയാണ്.