ഏറ്റുമാനൂരിന്റെ വികസനസദസ്സ് കാഴ്ചപ്പാടുകളും സ്വപ്നങ്ങളും

ഏറ്റുമാനൂർ :ഏറ്റുമാനൂർ മണ്ഡലത്തിന്റെ സമഗ്ര വികസന സാധ്യതകളെ ആസ്പദമാക്കി “കാഴ്ചപ്പാടുകളും സ്വപ്നങ്ങളും” എന്ന വിഷയത്തിൽ മംഗളം എഞ്ചിനീയറിംഗ് കോളേജ് മീഡിയ സെൽ സംഘടിപ്പിച്ച വികസന സദസ്സ് കോളേജിന്റെ ക്യാമ്പസ് ഡിജിറ്റൽ തിയേറ്ററിൽ നടന്നു.

Advertisements

പ്രമുഖ വാർത്ത അവതാരകനും സംസ്ഥാന ക്വാളിറ്റി അഷുറൻസ് കമ്മിറ്റിയുടെ ഡയറക്ടറുമായ ഡോ. എം. എ. ലാൽ മോഡറേറ്ററായി സദസ്സിനെ നയിച്ചു. രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾ, സാമൂഹിക പ്രവർത്തകർ, വിദ്യാർത്ഥികൾ എന്നിവർ ചേർന്നുനിന്ന ഈ ചർച്ച ഏറ്റുമാനൂർ മണ്ഡലത്തിന്റെ വികസന ദിശയെ കുറിച്ചുള്ള സമഗ്ര സംവാദമായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സിപിഎമ്മിനെ പ്രതിനിധീകരിച്ച് കോട്ടയം ജില്ല കമ്മിറ്റി അംഗം ഇ.എസ്. ബിജു, ഇന്ത്യൻ നാഷണൽ കോൺഗ്രസ്യെ പ്രതിനിധീകരിച്ച് ഏറ്റുമാനൂർ മണ്ഡലം പ്രസിഡന്റായ പി.വി. ജോയി, ഭാരതീയ ജനത പാർട്ടിയെ പ്രതിനിധീകരിച്ച് സെൻട്രൽ സോൺ പ്രസിഡന്റായ എൻ. ഹരി എന്നിവർ പാനലിസ്റ്റുകളായി പങ്കെടുത്തു. മൂന്ന് രാഷ്ട്രീയ പ്രതിനിധികളും വികസന മേഖലകളിലെ വെല്ലുവിളികളും സാധ്യതകളും പങ്കുവെച്ചത് സദസിന് ചൂടേകി.

മംഗളം എഡ്യൂക്കേഷൻ ഗ്രൂപ്പ് ചെയർമാൻ ബിജു വർഗീസ് സദസ്സ് ഉദ്ഘാടനം ചെയ്ത് ആമുഖ പ്രഭാഷണം നടത്തി. പ്രദേശത്തിന്റെ അടിസ്ഥാന സൗകര്യ വികസനം, വിദ്യാഭ്യാസ രംഗം, തൊഴിൽ സാദ്ധ്യതകൾ എന്നിവയിലൂടെ ഏറ്റുമാനൂരിനെ ഒരു മാതൃക മണ്ഡലമാക്കാമെന്നത് ആമുഖ പ്രഭാഷണത്തിന്റെ പ്രധാന സന്ദേശമായിരുന്നു.

മംഗളം എഞ്ചിനീയറിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ. വിനോദ് പി. വിജയൻ സ്വാഗതം പ്രസംഗം നടത്തി. നിമ്മി മോൾ മാനുവൽ,ലെഫ്റ്റനന്റ് അഭിജിത് എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.

ഏറ്റുമാനൂരിലെ പ്രമുഖ വ്യക്തിത്വങ്ങൾ, അധ്യാപകർ, വിദ്യാർത്ഥികൾ, സമൂഹപ്രവർത്തകർ തുടങ്ങി നിരവധി പേർ ചടങ്ങിൽ പങ്കെടുത്ത് വിഷയ ചർച്ചകളിൽ പങ്കാളികളായി.
വികസന സദസ്സിൽ നിന്നുണ്ടായ നിർദ്ദേശങ്ങളും ആശയങ്ങളും ഏറ്റുമാനൂർ മണ്ഡലത്തിന്റെ ഭാവി വികസന പദ്ധതികൾക്ക് ദിശാനിർദേശമാകുമെന്ന് സംഘാടകർ അഭിപ്രായപ്പെട്ടു.

Hot Topics

Related Articles