ദില്ലി: പാകിസ്ഥാൻ സൈനിക മേധാവി ജനറല്‍ അസിം മുനീർ രാജ്യത്തിൻ്റെ ആദ്യത്തെ ചീഫ് ഓഫ് ഡിഫൻസ് ഫോഴ്‌സായി (സി ഡി എഫ്) സ്ഥാനമേറ്റെടുത്തിരിക്കുകയാണ്.സൈന്യം അട്ടിമറിയിലൂടെ നേരിട്ട് അധികാരം പിടിച്ചെടുക്കാതെ തന്നെ രാജ്യത്തെ ഏറ്റവും ശക്തമായ അധികാര കേന്ദ്രമായി സൈന്യം മാറുകയാണ് പാക്കിസ്ഥാനില്‍. പാക് ഭരണഘടനയിലെ വിവാദമായ 27-ാം ഭേദഗതിയിലൂടെ സൃഷ്ടിച്ച ഈ പദവി, കര-വ്യോമ-നാവിക സേനകളുടെയെല്ലാം തലവനായി അസിം മുനീറിനെ നിയമിക്കുന്നു. അഞ്ച് വർഷമാണ് അദ്ദേഹത്തിൻ്റെ നിശ്ചിത കാലാവധി.
സൈനിക തലവന്മാരില്‍ ഏറ്റവും മുതിർന്ന പദവിയായിരുന്ന ചെയർമാൻ ഓഫ് ജോയിൻ്റ് ചീഫ്‌സ് ഓഫ് സ്റ്റാഫ് കമ്മിറ്റി (CJCSC) എന്ന തസ്തിക ഭേദഗതിയിലൂടെ നിർത്തലാക്കി. 1971-ലെ ഇന്ത്യയുമായുള്ള യുദ്ധത്തിലെ പരാജയത്തിന് ശേഷം 1976-ല്‍ മുൻ പ്രധാനമന്ത്രി സുള്‍ഫിക്കർ അലി ഭൂട്ടോ സ്ഥാപിച്ചതായിരുന്നു ഈ പദവി. സി ഡി എഫ് സ്ഥാനമേറ്റതോടെ ഈ പദവിയുടെ കാലഘട്ടം അവസാനിച്ചു. 27-ാം ഭേദഗതിയിലൂടെ കരസേനാ മേധാവിയെ മറ്റ് രണ്ട് സേനാ മേധാവികള്‍ക്ക് മുകളിലേക്ക് ഉയർത്തുകയും രാജ്യത്തിൻ്റെ ആണവായുധ സംവിധാനങ്ങളുടെ പൂര്‍ണ ചുമതല നല്‍കുകയും ചെയ്തു. അതുപോലെ മൂന്ന് സേനകളുടെയും മൊത്തത്തിലുള്ള നിയന്ത്രണം പ്രസിഡൻ്റിലും കാബിനറ്റിലും ആയിരുന്നെങ്കില്‍ അത് സിഡിഎഫിലേക്ക് മാറ്റി സ്ഥാപിച്ചു. 1947-ല്‍ രാജ്യം രൂപീകരിച്ചതു മുതല്‍ പാകിസ്ഥാൻ സൈനിക-സിവിലിയൻ ഭരണങ്ങള്‍ക്കിടയില്‍ അസ്ഥിരമായി നില്‍ക്കുകയാണ്. 1999-ല്‍ അധികാരം പിടിച്ചെടുത്ത് 2008 വരെ ഭരിച്ച പർവേസ് മുഷറഫാണ് അവസാനമായി പരസ്യമായി ഭരണം നടത്തിയ സൈനിക നേതാവ്. അതിനുശേഷം സിവിലിയൻ ഭരണകൂടങ്ങളാണ് അധികാരത്തിലെങ്കിലും രാഷ്ട്രീയത്തിലും സാമ്ബത്തിക കാര്യങ്ങളിലും സൈന്യത്തിൻ്റെ സ്വാധീനം ശക്തമായി നിലനിന്നു പോന്നിരുന്നു. നിലവിലെ ഭരണത്തെ ‘ഹൈബ്രിഡ് ഭരണം’ എന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിശേഷിപ്പിച്ച് പോരുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പുതിയ ഭേദഗതികളിലൂടെ ജനറല്‍ അസിം മുനീറിൻ്റെ കാലാവധി 2030 വരെ നീട്ടിയിട്ടുണ്ട്. അദ്ദേഹത്തിൻ്റെ സ്വാഭാവിക വിരമിക്കല്‍ ദിവസം ഇന്നായിരുന്നുവെങ്കിലും, കഴിഞ്ഞ വർഷം സേനാ മേധാവികളുടെ കാലാവധി മൂന്നില്‍ നിന്ന് അഞ്ച് വർഷമായി ഉയർത്തിയ ഭേദഗതി അദ്ദേഹത്തിൻ്റെ വിരമിക്കല്‍ തീയതി 2027 നവംബർ 27 ലേക്ക് മാറ്റിയിരുന്നു. പുതിയ സി.ഡി.എഫ്. പദവി ലഭിച്ചതോടെ, 2030 വരെ അഞ്ച് വർഷത്തെ പുതിയ കാലാവധി അദ്ദേഹത്തിന് ലഭിച്ചു. ഈ മാറ്റങ്ങള്‍ മുനീറിന് രാജ്യത്തെ പ്രസിഡൻ്റിന് തുല്യമായ നിയമപരമായ പരിരക്ഷയാണ് നല്‍കുന്നത്. പ്രസിഡൻ്റിനെപ്പോലെ, ഫീല്‍ഡ് മാർഷല്‍ പദവിയുള്ള അദ്ദേഹത്തിന് ഇനിമുതല്‍ ഏതൊരു നിയമനടപടിയില്‍ നിന്നും ആജീവനാന്ത പ്രതിരോധം ലഭിക്കും. ഈ സംരക്ഷണം വ്യോമസേന, നാവിക സേന മേധാവികള്‍ക്കും ബാധകമാണ്.
സൈന്യത്തിന്മേലുള്ള ഗവണ്‍മെൻ്റിൻ്റെ മേല്‍നോട്ട അധികാരം കുറയ്ക്കുന്ന ഭേദഗതികളും വന്നിട്ടുണ്ട്. ആർമി വൈസ് ചീഫ് ഓഫ് ആർമി സ്റ്റാഫ് (VCOAS) നിയമനത്തിന് ശുപാർശ നല്‍കാനുള്ള അധികാരം സി.ഡി.എഫിന് ലഭിച്ചു. നേരത്തെ ഈ നിയമനങ്ങള്‍ നടത്താനുള്ള അധികാരം സിവില്‍ ഗവണ്‍മെൻ്റിനായിരുന്നു. “ഫീല്‍ഡ് മാർഷല്‍ അസിം മുനീർ പാകിസ്ഥാനിലെ ഏറ്റവും ശക്തനായ മനുഷ്യനായി മാറിയിരിക്കുന്നു. അദ്ദേഹത്തിന് കൂടുതല്‍ അധികാരം നല്‍കിയത് രാഷ്ട്രീയക്കാരാണ്. അവരുടെ ഹ്രസ്വകാല താല്‍പര്യങ്ങള്‍ക്കായി അവർ പാകിസ്ഥാൻ്റെ ദീർഘകാല താല്‍പര്യങ്ങളെ അപകടത്തിലാക്കി.” എന്നാണ് പ്രതിരോധ വിദഗ്ദ്ധനായ നയീം ഖാലിദ് ലോധിയുടെ പ്രതികരണം. മുനീറിന് ഇപ്പോള്‍ മുൻ സൈനിക ഭരണാധികാരി പർവേസ് മുഷറഫിന് തുല്യമായ അധികാരമുണ്ട് എന്നാണ് സൗത്ത് ഏഷ്യൻ വിദഗ്ദ്ധനായ ശുജാ നവാസ് വിലയിരുത്തുന്നത്.


