ധരംശാല: ഐപിഎല്ലില്‍ പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്താന്‍ വിജയം അനിവാര്യമായ മത്സരത്തില്‍ പഞ്ചാബ് കിംഗ്സിനെ മൂന്ന് വിക്കറ്റിന് തകര്‍ത്ത് ഡല്‍ഹി ക്യാപിറ്റല്‍സ്. പഞ്ചാബ് ഉയര്‍ത്തിയ 211 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹി 19 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. തകര്‍ച്ചയോടെ തുടങ്ങിയ ഡല്‍ഹിയെ ക്യാപ്റ്റൻ അക്ഷര്‍ പട്ടേലിന്റെയും(30 പന്തില്‍ 56), ഡേവിഡ് മില്ലറുടെയും(28 പന്തില്‍ 51) പോരാട്ടവീര്യമാണ് അവിശ്വസനീയ ജയത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയത്. അശുതോഷ് ശര്‍മ(10 പന്തില്‍ 24), മാധവ് തിവാരി(8 പന്തില്‍ 18) അക്വിബ് നബി(2 പന്തില്‍ 10) എന്നിവരും ഡല്‍ഹി ജയത്തില്‍ നിര്‍ണായക സംഭാവന നല്കി.
ഐപിഎല്‍ ചരിത്രത്തില്‍ ഡല്‍ഹി പിന്തുടര്ന്ന് ജയിക്കുന്ന ഏറ്റവും വലിയ വിജയലക്ഷ്യമാണിത്. ജയത്തോടെ 12 മത്സരങ്ങളില്‍ 10 പോയിന്റുമായി പ്ലേ ഓഫിലെത്താനുള്ള നേരിയ സാധ്യത ഡല്‍ഹി നിലനിര്‍ത്തിയപ്പോള്‍ തുടര്‍ച്ചയായ നാലാം തോല്‍വി വഴങ്ങിയ പഞ്ചാബ് 11 കളികളില്‍ 13 പോയിന്റുമായി നാലാം സ്ഥാനത്താണ്. സ്കോര്‍ പഞ്ചാബ് കിംഗ്സ് 20 ഓവറില്‍ 210-5, ഡല്‍ഹി ക്യാപിറ്റല്‍സ് 19 ഓവറില്‍ 216-7.


