രജനികാന്ത് ചിത്രം ജയിലര്‍ 2 ന്‍റെ റിലീസ് തീയതി പ്രഖ്യാപിച്ചു: ചിത്രം തീയറ്ററിൽ എത്തുക നവരാത്രി റിലീസ് ആയി

ചെന്നൈ : സിനിമാപ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന രജനികാന്ത് ചിത്രം ജയിലര്‍ 2 ന്‍റെ റിലീസ് തീയതി പ്രഖ്യാപിച്ചു. നവരാത്രി റിലീസ് ആയി ഒക്ടോബര്‍ 15 ന് ചിത്രം ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ എത്തും. ജൂണ്‍ 12 ന് എത്തുമെന്ന് ആദ്യം കരുതപ്പെട്ടിരുന്ന ചിത്രമാണിത്. എന്നാല്‍ അതിഥിതാരങ്ങളുടേതടക്കമുള്ള ഭാഗങ്ങളുടെ ചിത്രീകരണം പൂര്‍ത്തിയാവാത്തതിനാല്‍ റിലീസ് നീളുകയായിരുന്നു. മോഹന്‍ലാലും ശിവ രാജ്കുമാറും അടക്കമുള്ളവര്‍ രണ്ടാം ഭാഗത്തിലും അതിഥിവേഷങ്ങളില്‍ എത്തുന്നുണ്ട്. ഒപ്പം ആദ്യ ഭാഗത്തില്‍ ഇല്ലാതിരുന്ന വിജയ് സേതുപതിയും മിഥുന്‍ ചക്രവര്‍ത്തിയും ഗസ്റ്റ് റോളുകളില്‍ എത്തും. ആദ്യ ഭാഗത്തില്‍ മെയിന്‍ വില്ലനായ വിനായകന്‍ ഫ്ലാഷ് ബാക്ക് സീനുകളിലും അതിഥിതാരമായി എത്തും.

Advertisements

ഒരു ടീസറിനൊപ്പമാണ് നിര്‍മ്മാതാക്കളായ സണ്‍ പിക്ചേഴ്സ് ജയിലര്‍ 2 ന്‍റെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുന്നത്. ടീസറില്‍ വിനായകന്‍റെ വര്‍മ്മനൊപ്പം സുരാജ് വെഞ്ഞാറമൂടും സുജിത്ത് ശങ്കറും രമ്യ കൃഷ്ണനും അടക്കമുള്ളവരുണ്ട്. രജനികാന്തിന്‍റെ ഒരു ലോംഗ് ഷോട്ടിലാണ് കാണിച്ചിരിക്കുന്നത്. എസ് ജെ സൂര്യ, യോഗി ബാബു, മിര്‍ണ, റിത്വിക്, അന്ന രാജന്‍, ജതിന്‍ സര്‍ണ, വിദ്യ ബാലന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഷാരൂഖ് ഖാനും ചിത്രത്തില്‍ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. എന്നാല്‍ ഡേറ്റ് പ്രശ്നം മൂലം അദ്ദേഹം പിന്മാറിയ പ്രോജക്റ്റില്‍ പകരം ഹൃത്വിക് റോഷന്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച്‌ ഔദ്യോഗിക പ്രതികരണങ്ങളൊന്നും എത്തിയിട്ടില്ല.

Hot Topics

Related Articles