മലപ്പുറത്ത് കോൺഗ്രസിനെ പരിഗണിക്കുന്നില്ല : കുഞ്ഞാലിക്കുട്ടിക്കെതിരെ ഉയർന്ന വിമർശനങ്ങളില്‍ മലപ്പുറത്തെ കോണ്‍ഗ്രസില്‍ ഭിന്നാഭിപ്രായം

മലപ്പുറം: മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ ഉയർന്ന വിമർശനങ്ങളില്‍ മലപ്പുറത്തെ കോണ്‍ഗ്രസില്‍ ഭിന്നാഭിപ്രായം. നിയോജകമണ്ഡലം കമ്മിറ്റിയുടെ വിമർശനത്തെ തള്ളി മുതിർന്ന കോണ്‍ഗ്രസ് നേതാവ് അനീഷ് കക്കാട്ട് രംഗത്ത് വന്നു. ചിലരുടെ വിമർശനത്തിന് പ്രത്യേക താല്പര്യമുണ്ടെന്നാണ് പ്രതികരണം. കുഞ്ഞാലിക്കുട്ടി കോണ്‍ഗ്രസ് നേതാക്കളുമായി കൂടിയാലോചന നടത്തുന്നില്ല, മന്ത്രിയെ ബന്ധപ്പെടണമെങ്കില്‍ ഇടനിലക്കാർ വേണം എന്നുമാണ് കോണ്‍ഗ്രസ് യോഗത്തില്‍ ഉയർന്നിരുന്ന വിമർശനം. മലപ്പുറത്തെ കോണ്‍ഗ്രസ് ജനപ്രതിനിധികള്‍ക്ക് സ്വീകരണം നല്‍കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച മലപ്പുറം നിയോജകമണ്ഡലം കമ്മിറ്റിയുടെ യോഗത്തിലാണ് കുഞ്ഞാലിക്കുട്ടിക്കെതിരെ വിമർശനം ഉയർന്നത്.

Advertisements

തെരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസ് നേതാക്കളെയും പ്രവർത്തകരെയും കുഞ്ഞാലിക്കുട്ടി പുല്ലുവിലകല്‍പ്പിക്കാതെ അവഗണിക്കുന്നുവെന്നും ഒരു കാര്യത്തിലും കോണ്‍ഗ്രസ് നേതാക്കളുമായി കൂടിയാലോചന നടത്തുന്നില്ലെന്നുമാണ് വിമർശനം ഉയർന്നത്. ഇടനിലക്കാരില്ലാതെ കുഞ്ഞാലിക്കുട്ടിയെ ബന്ധപ്പെടാൻ ആവുന്നില്ല. വികസന ഫണ്ടുകള്‍ സംബന്ധിച്ച കാര്യങ്ങളിലും യുഡിഎഫില്‍ ആലോചനകള്‍ നടന്നില്ല. പൊതുപരിപാടികളില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് അവഗണനയാണ് ഉണ്ടാവുന്നത്. കുഞ്ഞാലിക്കുട്ടിക്ക് വേണ്ടി പ്രതീക്ഷയോടെ പ്രവർത്തിച്ച കോണ്‍ഗ്രസ് പ്രവർത്തകർ നിരാശരാണെന്നും യോഗത്തില്‍ വിമർശനം ഉയർന്നിരുന്നു.

Hot Topics

Related Articles