പ്രിക്കോഷന്‍ ഡോസിന് 6 ദിവസം പ്രത്യേക യജ്ഞം; മന്ത്രി വീണാ ജോര്‍ജ് ; കിടപ്പ് രോഗികള്‍ക്കും, പാലിയേറ്റീവ് കെയര്‍ രോഗികള്‍ക്കും വീട്ടിലെത്തി വാക്‌സിന്‍ നല്‍കും; മന്ത്രിയുടെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പിന്റെ ഉന്നതതലയോഗം ചേര്‍ന്നു

തിരുവനന്തപുരം : സംസ്ഥാനത്ത് ജൂണ്‍ 16 വ്യാഴാഴ്ച മുതല്‍ 6 ദിവസങ്ങളില്‍ പ്രിക്കോഷന്‍ ഡോസിനായി പ്രത്യേക യജ്ഞം സംഘടിപ്പിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വ്യാഴം, വെള്ളി, തിങ്കള്‍, ചൊവ്വ, വ്യാഴം, വെള്ളി എന്നീ ദിവസങ്ങളിലാണ് പ്രിക്കോഷന്‍ ഡോസിനുള്ള യജ്ഞം ഉണ്ടായിരിക്കുന്നത്.

Advertisements

ഒരു ജില്ലയിലും വാക്‌സിന് ക്ഷാമമില്ല. 60 വയസിന് മുകളിലുള്ള പാലിയേറ്റീവ് കെയര്‍ രോഗികള്‍, കിടപ്പ് രോഗികള്‍, വയോജന മന്ദിരങ്ങളിലുള്ളവര്‍ എന്നിവര്‍ക്ക് പ്രിക്കോഷന്‍ ഡോസ് വീട്ടിലെത്തി നല്‍കുന്നതിനും മന്ത്രി നിര്‍ദേശം നല്‍കി. ആരോഗ്യ വകുപ്പിന്റെ ഉന്നതതല യോഗത്തിലാണ് മന്ത്രി നിര്‍ദേശം നല്‍കിയത്. സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ക്രമേണ കൂടി വരുന്ന സാഹചര്യത്തില്‍ എല്ലാവരും കൃത്യമായി മാസ്‌ക് ധരിക്കേണ്ടതാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആഴ്ചയിലെ സ്ഥിതിവിവര കണക്കുകള്‍ പരിശോധിച്ചപ്പോള്‍ എറണാകുളം, തിരുവനന്തപുരം, കോട്ടയം, കോഴിക്കോട്, തൃശൂര്‍ ജില്ലകളിലാണ് കേസുകള്‍ കൂടുതല്‍. എല്ലാ ജില്ലകളും പ്രത്യേകം ശ്രദ്ധിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. പകര്‍ച്ചവ്യാധി പ്രതിരോധത്തിന് സൂപ്പര്‍വൈസറി പരിശോധനകള്‍ കൃത്യമായി നടത്തണം. ഫീല്‍ഡ് പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനും നിര്‍ദേശം നല്‍കി.

ഒമിക്രോണിന്റെ വകഭേദമാണ് കാണുന്നത്. ഒമിക്രോണ്‍ വകഭേദത്തിന് രോഗ തീവ്രത കുറവാണെങ്കിലും പെട്ടന്ന് പകരാന്‍ സാധ്യതയുണ്ട്. കോവിഡ് ബാധിക്കാതിരിക്കാന്‍ എല്ലാവരും കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കേണ്ടതാണ്. പ്രായമായവരും അനുബന്ധ രോഗമുള്ളവരും പ്രത്യേകം ശ്രദ്ധിക്കണം. രോഗലക്ഷണങ്ങളുള്ളവര്‍ കോവിഡ് പരിശോധന നടത്തേണ്ടതാണ്. രണ്ട് ഡോസ് വാക്‌സിന്‍ എടുത്തെന്നു കരുതി പ്രിക്കോഷന്‍ ഡോസെടുക്കാതിരിക്കരുത്. പഞ്ചായത്തടിസ്ഥാനത്തില്‍ പ്രിക്കോഷന്‍ ഡോസെടുക്കാന്‍ ബാക്കിയുള്ളവരെ കണ്ടെത്തി വാക്‌സിന്‍ നല്‍കുന്നതാണ്. അതീവ ഗുരുതരാവസ്ഥയില്‍ പോകുന്നവരിലും മരണമടഞ്ഞവരിലും ഭൂരിപക്ഷം പേരും പൂര്‍ണമായും വാക്‌സിന്‍ എടുക്കാത്തവരും അനുബന്ധ രോഗങ്ങളുള്ളവരുമാണ്. വാക്‌സിന്‍ എടുക്കാനുള്ള മുഴുവന്‍ പേരും വാക്‌സിന്‍ എടുക്കണം. രണ്ടാം ഡോസ് വാക്‌സിനെടുക്കാനുള്ളവരും പ്രിക്കോഷന്‍ ഡോസ് എടുക്കാനുള്ളവരും ഉടന്‍ തന്നെ വാക്‌സിനെടുക്കേണ്ടതാണ്.

18 വയസ് മുതലുള്ള 88 ശതമാനം പേരാണ് രണ്ടാം ഡോസ് വാക്‌സിനെടുത്തത്. 22 ശതമാനം പേരാണ് പ്രിക്കോഷന്‍ ഡോസ് എടുത്തത്. 15 മുതല്‍ 17 വയസുവരെയുള്ള 84 ശതമാനം കുട്ടികള്‍ക്ക് ആദ്യ ഡോസും 56 ശതമാനം കുട്ടികള്‍ക്ക് രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്. 12 മുതല്‍ 14 വയസുവരെയുള്ള 59 ശതമാനം കുട്ടികള്‍ക്ക് ആദ്യ ഡോസ് വാക്‌സിനും 20 ശതമാനം കുട്ടികള്‍ക്ക് രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്. 12 വയസിന് മുകളിലുള്ള എല്ലാ കുട്ടികള്‍ക്കും വാക്‌സിന്‍ നല്‍കേണ്ടതാണെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

Hot Topics

Related Articles