പന്തളം കൊട്ടാരത്തിലെ വലിയ തമ്പുരാൻ രേവതി തിരുനാൾ പി രാമവർമ്മരാജ അന്തരിച്ചു

പത്തനംതിട്ട: പന്തളം കൊട്ടാരത്തിലെ വലിയ തമ്പുരാൻ രേവതി തിരുനാൾ പി രാമവർമ്മ രാജ അന്തരിച്ചു. ഹരിപ്പാട് അനന്തപുരം കൊട്ടാരത്തിൽ വെച്ചായിരുന്നു അന്ത്യം. നൂറ്റിമൂന്ന് വയസ്സായിരുന്നു.
സംസ്കാരം ഇന്ന് ഒന്നിന് ഹരിപ്പാട് അനന്തപുരം കൊട്ടാരത്തിൽ. കരുവേലിൽ ഇല്ലത്ത് ദേവദത്തൻ നമ്പൂതിരിയുടെയും പന്തളം ലക്ഷ്മി വിലാസം കൊട്ടാരത്തിലെ മം​ഗളത്തമ്പുരാട്ടിയുടെയും മകനായി 1919 ൽ ഒക്ടോബർ 19 നാണ് ജനനം. 1945 ൽ അനന്തപുരം കൊട്ടാരത്തിലെ രു​ഗ്മിണി വർമ്മ തമ്പുരാട്ടിയെ വിവാഹം കഴിച്ചതോടെയാണ് പന്തളം കൊട്ടാരത്തിലെ പ്രതിനിധിയായി മാറിയത്.
19 വർഷം രാമവർമ്മരാജ പന്തളം വലിയ തമ്പുരാനായി ചുമതല വഹിച്ചു. കേരള സർവകലാശാല ക്രിക്കറ്റ് ടീം സ്പിൻ ബൗളറായിരുന്നു. വലിയ രാജ ആയതിന് ശേഷം എല്ലാ മണ്ഡലക്കാലത്തും പന്തളത്തെത്തിയിരുന്നു. പന്തളത്തു നിന്നുള്ള തിരുവാഭരണ ഘോഷയാത്ര പുറപ്പെടുമ്പോൾ കൊട്ടാരത്തിലെ പ്രതിനിധിക്ക് വാൾ നൽകുന്നത് രാമവർമ്മരാജയാണ്. പന്തളം മെഴുവേലി സ്കൂളിലും, പൂഞ്ഞാർ ഹൈസ്കൂളിലും വർക്കല സ്കൂളിലും അധ്യാപകനായി ജോലി ചെയ്തിട്ടുണ്ട്. 2017 ൽ ഭാര്യ രു​ഗ്മിണി വർമ്മ തമ്പുരാട്ടി അന്തരിച്ചു. ഡോ. എസ് ആർ വർമ്മ, അനിയൻ ആർ വർമ്മ, ശശി വർമ്മ, രമ കെ തമ്പുരാൻ എന്നിവർ മക്കളും, സുധ, ഇന്ദിര, രഞ്ജന, കൃഷ്ണ കുമാരൻ എന്നിവർ മരുമക്കളുമാണ്.

Advertisements

Hot Topics

Related Articles