വൈക്കം : പത്മനാഭപിള്ള ഇല്ലായിരുന്നെങ്കിൽ തിരുവിതാംകൂർ മറ്റൊരു മലബാർ ആകുമായിരുന്നു. ജെ.നന്ദകുമാർ. 1767 ൽ വടക്കുംകൂർ ദേശത്ത് ജനിച്ച പത്മനാഭപിള്ള,
തിരുവിതാംകൂറിലെ ‘ഇരുപതുകൂട്ടം’ എന്നറിയപ്പെട്ടിരുന്ന ഇരുപ തംഗ വിദഗ്ദ്ധ സൈന്യത്തിലെ അംഗമായിരുന്നു. ടിപ്പുവിനെ രണ്ടു തവണ വിരട്ടിയതിനൊപ്പം ബ്രിട്ടീഷ് പട്ടാളത്തിന് കനത്ത നാശമുണ്ടാക്കുവാനും പത്മനാഭപിള്ള യ്ക്ക് സാധിച്ചു.
നെടുങ്കോട്ട ആക്രമണത്തിൽ
തൃശ്ശൂർ വരെ മുന്നേറിയ ടിപ്പുസുൽത്താൻ കാലിനു പരിക്കേറ്റ് മുടന്തനായത് ഈ യുദ്ധത്തിനു ശേഷമാണ്. രണ്ടായിരത്തോളം മൈസൂർ പട്ടാളക്കാർ കൊല്ലപ്പെട്ട ഈ സംഭവ ത്തിൽ തിരുവിതാംകൂറിന് നഷ്ടമായത് ഒരേയൊരാളെ ആയിരുന്നു. ഈ പോരാട്ടം നടന്ന സ്ഥലം വെടിമറപ്പറമ്പ് എന്ന പേരിൽ അറിയപ്പെടുന്നു.
കൂടുതൽ ശക്തി ശേഖരിച്ച് തിരുവിതാംകൂറിൽ ടിപ്പു സുൽത്താൻ വീണ്ടും എത്തി. 1790 ഏപ്രിൽ 15 ന് സുൽത്താൻ നെടുംകോട്ട കീഴടക്കുകയും ചെയ്തു. അനായാസം മുന്നേറിയ ടിപ്പുവും സൈന്യവും ആലുവ പുഴയുടെ തീരത്തുള്ള മണപ്പുറത്ത് ക്യാമ്പ് സ്ഥാപിച്ച് വിശ്രമിച്ചു. വൈക്കം പത്മനാഭപിള്ളയും കൂട്ടരും ആലുവയിൽ മുകൾ ഭാഗത്ത് ഭൂതത്താൻകെട്ടിലുണ്ടായിരുന്ന അണക്കെട്ട് തകർത്തു വിട്ടു. ഈ വെള്ളപ്പാച്ചിലിൽ ടിപ്പുവിന്റെ പീരങ്കികളിലും തോക്കുകളിലും ഉപയോഗിക്കാൻ വച്ചിരുന്ന വെടിമരുന്നുകൾ നശിപ്പിച്ചു. നിരവധി പടയാളികൾ പ്രളയജലത്തിൽ ഒഴുകിപ്പോയി. ഈ പരാജയത്തോടെ ടിപ്പു പിന്നീട് ഒരിക്കലും തിരുവിതാംകൂർ ആക്രമിക്കുവാൻ പുറപ്പെട്ടിട്ടില്ല. മറ്റൊരു മലബാർ ആകുമായിരുന്ന തിരുവിതാംകൂറിന്റെ ചരിത്രം മാറ്റിക്കുറിച്ച വിജയമായിരുന്നു പത്മനാഭ പിള്ളയും കൂട്ടരും ഇവിടെ നേടിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
1808 ഡിസംബറിൽ വൈക്കം പത്മനാഭപിള്ളയുടെ നേതൃത്വത്തിൽ തിരുവിതാംകൂറിൽ നിന്നും, പാലിയത്തച്ചന്റെ സൈന്യം കൊച്ചിയിൽ നിന്നും പോഞ്ഞിക്കര റസിഡൻസിയിൽ ആക്രമണം നടത്തി. മെക്കാളെ കഷ്ടിച്ചു രക്ഷപ്പെട്ടു . ഇവിടെ നിന്ന് തിരിച്ചു പോകവെ വെള്ളാത്തുരുത്തിയിൽ വച്ച് ഇരുപതോളം ഇംഗ്ലീഷ് സൈനികരെ വെള്ളത്തിൽ മുക്കിക്കൊന്നതായി കേണൽ മെക്കാളെ രേഖപ്പെടുത്തിയിട്ടുണ്ട്.
കേന്ദ്ര സർക്കാർ മുൻ കൈയ്യെടുത്ത് പത്മനാഭപിള്ളയെ പോലുള്ളവരെ പാഠ്യപദ്ധതികളിലുൾപ്പെടുത്തിക്കൊണ്ട് ഭാരതത്തിൻ്റെ വീരപുരുഷൻമാരെ വിദ്യാർത്ഥികൾക്ക് മുന്നിലെത്തിക്കണമെന്നും മുൻ കാല സ്വാതന്ത്ര്യ സമര സേനാനികളുടെ ചിത്രശില്പ ക്ഷേത്രം നിർമ്മിക്കണമെന്നും പ്രജ്ഞാ പ്രവാഹ് ദേശീയ സംയോജകൻ .ജെ.നന്ദകുമാർ പറഞ്ഞു.
ചെറുപ്പത്തിൽ തന്നെ നാടിന് വേണ്ടി ജീവത്യാഗം ചെയ്ത വീരസേനാനി വൈക്കം പത്മനാഭപിള്ള, തിരുവിതാംകൂറിൻ്റെ മാത്രമല്ല, ഭാരതത്തിൻ്റെ കരുത്തനായ സ്വാതന്ത്ര്യ പോരാളിയാണെന്ന് കേന്ദ്ര മന്ത്രി കിഷൻ റെഡ്ഢി അഭിപ്രായപ്പെട്ടു.
വൈക്കത്ത് നിർമ്മിച്ച തിരുവിതാംകൂർ സേനാനായകൻ വൈക്കം പത്മനാഭ പിള്ളയുടെ പ്രതിമ അനാച്ഛാദനം ചെയ്ത് സംസാരിക്കുകയായിരുന്നു കേന്ദ്ര മന്ത്രി.
ഗാന്ധി സ്മൃതി ഭവൻ ട്രസ്റ്റി കലാദർപ്പണം രവീന്ദ്രനാഥ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജെ.നന്ദകുമാർ, (പ്രജ്ഞാ പ്രവാഹ്, ദേശീയ കൺവീനർ) , നരസിംഹ നായ്ക്ക് ( വൈക്കം നഗരസഭ മുൻ ചെയർമാൻ, രാധാ വി.നായർ (ഗാന്ധി സ്മൃതി ഭവൻ അദ്ധ്യക്ഷ) പ്രതിമയുടെ ശില്പിയായ ഷാൻ എന്നിവരെ പൊന്നാടയണിയിച്ച് പുരസ്കാരം നൽകി ആദരിച്ചു. ജില്ലാ സംഘചാലക് എൻ ജി.സോമനാഥൻ, അഡ്വ.അനിൽ ഐക്കര, ആർ.സോമശേഖരൻ, ബിജെപി ജില്ലാ പ്രസിഡൻ്റ് ലിജിൻ ലാൽ, സ്വദേശി ജാഗരൺ മഞ്ച് സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി ഒ.എം. ശ്രീജിത് തുടങ്ങിയവർ പങ്കെടുത്തു.