തിരുവല്ല : പാലം തകർന്ന് വേങ്ങൽ തോട്ടിൽ മുങ്ങിത്താഴ്ന്ന മൂന്ന് ജീവനുകൾക്ക് രക്ഷയേകിയത് ജിജിമോളുടെ അതി സാഹസികത. പെരിങ്ങര വേങ്ങൽ ചേന്നനാട്ടിൽ ഷാജിയുടെ ഭാര്യ ജിജിമോൾ ഏബ്രഹാം ( 45 ) ഏബ്രഹാമാണ് വിലപ്പെട്ട മൂന്ന് ജീവനുകൾക്ക് രക്ഷകയായത്. ദുബൈയിൽ ഐ ടി കമ്പനിയിൽ ജോലി ചെയ്യുന്ന വേങ്ങൽ ചെമ്പരത്തി മൂട്ടിൽ വിനീത് കോട്ടേജിൽ വിനീത് വർഗീസ് , ഭാര്യ മെർലിൻ വർഗീസ്, മുംബെയിൽ സ്ഥിര താമസമാക്കിയ വിനീതിന്റെ മാതൃ സഹോദരി പുത്രൻ സിജിൻ സണ്ണി എന്നിവരെയാണ് ജിജിമോൾ ജീവിതത്തിലേക്ക് തിരികെ എത്തിച്ചത്. ഇന്നലെ രാവിലെ ആയിരുന്നു സംഭവം നടന്നത്. വേങ്ങൽ പാടശേഖരത്തിലേക്ക് പോകുന്നതിനായി തെക്കേച്ചറപ്പടിയിൽ നിർമിച്ചിരുന്ന ഇരുമ്പ് നിർമിത നടപ്പാലമാണ് തകർന്നു വീണത്. വേങ്ങൽ – വേളൂർ മുണ്ടകം റോഡിന്റെ വശം ചേർന്ന് ഒഴുകുന്ന 25 അടിയോളം വീതിയും പത്തടിയിലേറെ താഴ്ചയും ശക്തമായ ഒഴുക്കുമുള്ള തോടിന്റെ മധ്യഭാഗത്തേക്ക് പാലം തകർന്ന് മൂവരും വീഴുകയായിരുന്നു. വേങ്ങൽ പാടത്തിന്റെ ഫോട്ടോകൾ എടുത്ത ശേഷം തിരികെ വരും വഴിയായിരുന്നു അപകടം. നീന്തൽ വശമില്ലാത്ത മൂവരും പരസ്പരം രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മുങ്ങിത്താഴ്ന്നു. തിരുവല്ല പുഷ്പഗിരി ആശുപത്രിയിൽ കോഫീ സ്റ്റാൾ നടത്തുന്ന ജിജിമോൾ ജോലിക്കായി സ്കൂട്ടറിൽ ആശുപത്രിയിലേക്ക് പോകും വഴിയാണ് മൂന്ന് പേർ വെള്ളത്തിൽ മുങ്ങിത്താഴുന്നത് കണ്ടത്. ഉടൻ തന്നെ ബഹളം വെച്ച് സമീപ വാസികളെ സംഭവമറിയിച്ച ജിജി മോൾ തോട്ടിലേക്ക് ചാടി ഓരോരുത്തരെയായി തോടിന്റെ വശത്ത് എത്തിച്ചു. തുടർന്ന് ബഹളം കേട്ട് ഓടിക്കൂടിയ പരിസര വാസികൾ ചേർന്ന് നാലുപേരെയും റോഡിലേക്ക് വലിച്ചു കയറ്റുകയായിരുന്നു. എം.കോം വിദ്യാർത്ഥിയായ കെസിയ, നാലാം ക്ലാസ് വിദ്യാർത്ഥിയായ കെസ് വിൻ എന്നിവരാണ് ജിജിയുടെ മക്കൾ. സ്വന്തം ജീവൻ പണയം വെച്ചും മൂന്ന് ജീവനുകൾ രക്ഷിച്ച ജിജി മോളെ നാട്ടുകാരുടെ സാന്നിധ്യത്തിൽ പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തംഗം സോമൻ താമരച്ചാൽ ഷാൾ അണിയിച്ച് ആദരിച്ചു. ജിജിമോൾക്ക് നന്ദി പറയാൻ സിജിന്റെയും വിനീതിന്റെയും പിതാക്കന്മാരും എത്തിയിരുന്നു.