കേരളത്തിൽ ഒരു കുഴിയുമില്ലാത്ത റോഡുകൾ ലക്ഷ്യം : മന്ത്രി മുഹമ്മദ് റിയാസ്

കോന്നി: ഒരു കുഴിയുമില്ലാത്ത രീതിയിൽ കേരളത്തിലെ റോഡുകളെ മാറ്റുകയാണ് സർക്കാർ ലക്ഷ്യമെന്ന് പൊതുമരാമത്ത് , ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു.
ഉത്സവാന്തരീക്ഷത്തിൽ അഭൂതപൂർവമായ ജന പങ്കാളിത്തം കൊണ്ട് നിറഞ്ഞ കൊക്കാത്തോട് അള്ളുങ്കൽ ജംഗ്ഷനിൽ ആധുനിക നിലവാരത്തില്‍ നിര്‍മിക്കുന്ന കല്ലേലി- കൊക്കത്തോട് റോഡിന്റെ നിര്‍മാണ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ഘട്ടം ഘട്ടമായി റോഡുകളുടെ പൂർണ പരിപാലനം നടത്തുകയാണ് ലക്ഷ്യം. സുതാര്യത ഉറപ്പു വരുത്തി മുൻപോട്ടു പോകുവാനാണ് സർക്കാർ ശ്രമിക്കുന്നത്. ഈ ശ്രമത്തിൽ ജനങ്ങൾ കാഴ്ചക്കാരല്ല കാവൽക്കാരാണ്. പിഡബ്ല്യുഡി പ്രവർത്തനങ്ങൾ വളരെ വേഗത്തിൽ പുരോഗമിക്കുകയാണ്. സമയബന്ധിതമായി പ്രവർത്തനങ്ങൾ പൂർത്തീകരിക്കുകയാണ് ലക്ഷ്യം. റോഡുകൾ മികച്ചവയായി നിലനിർത്തുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
രണ്ടര വർഷം കൊണ്ട് കൊക്കാത്തോടിൻ്റെ വികസനത്തിനു വേണ്ടി 27.68 കോടി രൂപയുടെ പദ്ധതികൾ പുരോഗമിക്കുകയാണെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച അഡ്വ. കെ.യു ജനീഷ് കുമാർ എം എൽ എ പറഞ്ഞു.

Advertisements

കൊക്കത്തോട്ടിലെ സമഗ്ര വികസനത്തിനായി എല്ലാ പ്രവർത്തനങ്ങളിലും കഴിഞ്ഞ കാലഘട്ടങ്ങളിൽ ഇടപെടാൻ കഴിഞ്ഞിട്ടുണ്ട്. അടിസ്ഥാന സൗകര്യ വികസനം അദ്യം പൂർത്തിയാക്കും. ശേഷം കൊക്കാത്തോട്ടിലെ ടൂറിസം സാധ്യതകളെ പരമാവധി പ്രയോജനപ്പെടുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ നടത്തുമെന്നും എം എൽ എ പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കല്ലേലി- കൊക്കാത്തോട് റോഡ് സംസ്ഥാന ബജറ്റില്‍ 10 കോടി രൂപ വകയിരുത്തിയാണ് ആധുനിക നിലവാരത്തില്‍ നിര്‍മിക്കുന്നത്. എട്ടു കിലോമീറ്റര്‍ ദൂരമുള്ള  റോഡിന്റെ വശങ്ങളിലൂടെയും പ്രധാന ഭാഗങ്ങളില്‍ കലുങ്കും നിര്‍മിച്ചു കൊണ്ടാണ് ആധുനിക നിലവാരത്തിലേക്ക് ഉയര്‍ത്തുന്നത്. ആറു പുതിയ കലുങ്കുകളും, രണ്ട് കലുങ്കിൻ്റെ പുന:നിർമാണവും ,100 മീറ്റർ നീളത്തിൽ ഓടയും, 1675 മീറ്റർ നീളത്തിൽ ഐറിഷ് ഓടയും, സംരക്ഷണഭിത്തിയും നിർമിക്കും. അഞ്ചര മീറ്റര്‍ വീതിയിലാണ് ബി എം ബി സി സാങ്കേതിക വിദ്യയില്‍  റോഡ് ടാര്‍ ചെയ്യുന്നത്. പൊതുമരാമത്ത് നിരത്ത് വിഭാഗത്തിന്റെ നിര്‍വഹണ ചുമതലയില്‍ ഇ.കെ.കെ. കണ്‍സ്ട്രക്ഷന്‍ കമ്പനിയാണ് കരാര്‍ ഏറ്റെടുത്തിരിക്കുന്നത്. റോഡിന്റെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ കൊക്കാത്തോട് പ്രദേശത്തെ യാത്രാ ദുരിതത്തിനു ശാശ്വതമായ പരിഹാരമാകും.
യോഗത്തിൽ    ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  ജിജി സജി, അരുവാപ്പുലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  രേഷ്മ മറിയം റോയ്, ജില്ലാ പഞ്ചായത്ത് അംഗം ജിജോ മോഡി, അരുവാപ്പുലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മണിയമ്മ രാമചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ വർഗീസ് ബേബി, വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.സിന്ധു, ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ വി. ശ്രീകുമാർ, ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സി.എൻ.ബിന്ദു, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ വി.കെ. രഘു, ജോജു വർഗീസ്, എസ്.ശ്രീലത, പൊതുമരാമത്ത് നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ ബി. വിനു, അരുവാപ്പുലം ഫാർമേഴ്സ് സഹകരണ ബാങ്ക് പ്രസിഡൻ്റ് കോന്നി വിജയകുമാർ,
രാഷ്ട്രീയ, സാമൂഹിക നേതാക്കള്‍, പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍  തുടങ്ങിയവര്‍ പങ്കെടുത്തു.

Hot Topics

Related Articles