കോട്ടയം: എരുമേലിയില്‍ മണ്ഡലകാല സുരക്ഷാക്രമീകരണങ്ങൾ വിലയിരുത്തി ജില്ലാ പോലീസ്. ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവവുമായി ബന്ധപ്പെട്ട് എരുമേലിയിലും പരിസരപ്രദേശങ്ങളിലും നടപ്പാക്കേണ്ട സുരക്ഷാക്രമീകരണങ്ങളെകുറിച്ച് ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിൽ നടന്ന യോഗത്തില്‍ വിലയിരുത്തി. എരുമേലി കെ.ടി.ഡി.സി സെന്ററിൽ വച്ച് നടന്ന യോഗത്തിൽ ദേവസ്വം ബോർഡ് പ്രതിനിധികൾ, പഞ്ചായത്ത്, റവന്യൂ ഹെൽത്ത്, വനം, എക്സൈസ്, വ്യാപാരി വ്യവസായി പ്രതിനിധികൾ മറ്റ് വിവിധ വകുപ്പുകളിൽ പെട്ട ഉദ്യോഗസ്ഥരും പങ്കെടുത്തു. ഭക്തര്‍ കാല്‍നടയായി പോകുന്ന വഴികളായ കാളകെട്ടി, അഴുത, കോയിക്കക്കാവ് എന്നിവിടങ്ങളിലും എസ്.പി. സന്ദർശിച്ച് വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതിനും നിര്‍ദേശങ്ങള്‍ നല്‍കി. കാഞ്ഞിരപ്പള്ളി ഡി.വൈ.എസ്.പി എന്‍.ബാബുക്കുട്ടൻ, എസ്.എസ്.ബി ഡി.വൈ.എസ്.പി. മുഹമ്മദ് ഇസ്മയിൽ,എരുമേലി എസ്.എച്ച്.ഓ അനിൽകുമാർ വി വി, എസ്.ഐ ശാന്തി കെ.ബാബു എന്നിവരും യോഗത്തിൽ പങ്കെടുത്തു. ഈ മാസം 15 ഓടുകൂടി സ്പെഷ്യൽ പോലീസ് കൺട്രോൾ റൂം എരുമേലിയിൽ പ്രവർത്തനമാരംഭിക്കുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.