നാളെ വൃശ്ചിക പുലരി: ശബരിമല നട ഇന്ന് തുറക്കും; ചുമതലയേൽക്കാൻ മേൽശാന്തി പുറപ്പെട്ടു; കൊവിഡ് മാനദണ്ഡം പാലിച്ച് തിരുവാഭരണ ദർശനം

പമ്പ: മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല നട ഇന്ന് തുറക്കുന്നു. വൈകുന്നേരം അഞ്ചിന് ക്ഷേത്രം തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യ കാർമികത്വത്തിൽ ക്ഷേത്രം മേൽശാന്തി വി കെ ജയരാജ് പോറ്റി നട തുറന്ന് ദീപം തെളിക്കും. വൈകിട്ട് ആറ് മണിക്ക് ശബരിമല മാളികപ്പുറം മേൽശാന്തിമാരുടെ അവരേധിരക്കൽ ചടങ്ങുകൾ നടക്കും. വൃശ്ചികം ഒന്നായ നാളെ രാവിലെ മുതലാണ് ഭക്തർക്ക് ദർശനത്തിന് അനുമതി.

Advertisements

പ്രതിദിനം മുപ്പതിനായിരം പേർക്കാണ് ദർശനത്തിന് അനുമതി നൽകുക. കാലവസ്ഥ പ്രതികൂലമായതിനാൽ ആദ്യ മുന്ന് ദിവസം ഭക്തരുടെ എണ്ണം നിയന്ത്രിക്കും. ഈ ദിവസങ്ങളിൽ പമ്പ സ്‌നാനം അനുവദിക്കില്ല. സ്വാമി അയ്യപ്പൻ റോഡ് വഴിയാണ് ഭക്തർക്ക് പ്രവേശനം. കാനന പാത അനുവദിക്കില്ല. ദർശനത്തിന് എത്തുന്നവർക്ക് ആർടിപിസിആർ പരിശോധന നെഗറ്റിവ് ഫലം അല്ലെങ്കിൽ രണ്ട് ഡോസ് വാക്‌സിനേഷൻ സർട്ടിഫിക്കേറ്റ് നിർബന്ധമാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എരുമേലി മുതൽ സന്നിധാനം വരെ 24 മണിക്കൂറും ആരോഗ്യ സേവനങ്ങൾ, തീർത്ഥാടനത്തോട് അനുബന്ധിച്ച് ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിന് ആരോഗ്യവകുപ്പ് സജ്ജമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. ഒക്ടോബർ മാസത്തിൽ ആക്ഷൻ പ്ലാൻ രൂപീകരിച്ച് മുന്നൊരുക്കം നടത്തിയാണ് ആരോഗ്യ സേവനങ്ങൾ ഉറപ്പാക്കിയത്. സംസ്ഥാന തലത്തിലും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലും പ്രത്യേകം യോഗം വിളിച്ചാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.

പമ്പ മുതൽ സന്നിധാനം വരെയുള്ള ചികിത്സാകേന്ദ്രങ്ങളിൽ ജീവനക്കാരെ വിന്യസിച്ച് വരികയാണ്. പമ്പയിലും സന്നിധാനത്തും മെഡിക്കൽ കോളേജുകളിലെ വിദഗ്ധ ഡോക്ടർമാരുടെ സേവനവും ഉറപ്പ് വരുത്തിയിട്ടുണ്ട്. തിങ്കളാഴ്ച മുതൽ ഈ കേന്ദ്രങ്ങൾ പ്രവർത്തിച്ച് തുടങ്ങും. കൊവിഡിനോടൊപ്പം മഴക്കാലം കൂടിയായതിനാൽ തീർത്ഥാടകരും ജീവനക്കാരും ഒരുപോലെ ശ്രദ്ധിക്കണം. എന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങളുള്ളവർ ആരോഗ്യ പ്രവർത്തകരുമായി ബന്ധപ്പെടണമെന്നും മന്ത്രി വ്യക്തമാക്കി.

പമ്പ മുതൽ സന്നിധാനം വരെയുള്ള യാത്രക്കിടയിൽ അഞ്ച് സ്ഥലങ്ങളിലായി എമർജൻസി മെഡിക്കൽ സെൻററുകൾ, ഓക്സിജൻ പാർലറുകൾ എന്നിവ സജ്ജമാക്കിവരുന്നു. മലകയറ്റത്തിനിടയിൽ അമിതമായ നെഞ്ചിടിപ്പ്, ശ്വാസംമുട്ടൽ, നെഞ്ചുവേദന തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങളുണ്ടായാൽ ഉടൻ തൊട്ടടുത്ത കേന്ദ്രങ്ങളിൽ ചികിത്സ തേടേണ്ടതാണ്. തളർച്ച അനുഭവപ്പെടുന്ന തീർത്ഥാടർക്ക് വിശ്രമിക്കുവാനും, ഓക്സിജൻ ശ്വസിക്കുവാനും ഫസ്റ്റ് എയ്ഡിനും ബ്ലെഡ്പ്രഷർ നോക്കുവാനുമുള്ള സംവിധാനം ഇവിടെയുണ്ട്. ഹൃദയാഘാതം വരുന്ന തീർത്ഥാടകർക്കായി സ്റ്റാഫ് നഴ്സുമാർ 24 മണിക്കൂറും ഈ കേന്ദ്രങ്ങളിൽ ലഭ്യമാക്കുന്നതാണ്.

സന്നിധാനം, പമ്പ, നിലയ്ക്കൽ, ചരൽമേട് (അയ്യപ്പൻ റോഡ്), എരുമേലി, എന്നീ സ്ഥലങ്ങളിൽ വിദഗ്ധ സംവിധാനങ്ങളോട് കൂടിയ ഡിസ്പെൻസറികൾ സജ്ജമാക്കിയിട്ടുണ്ട്. മരുന്നുകളും സുരക്ഷാ ഉപകരണങ്ങളും ലഭ്യമാക്കി. സന്നിധാനത്ത് ഒരു അടിയന്തര ഓപ്പറേഷൻ തീയേറ്ററും പ്രവർത്തിക്കും. പമ്പയിലും സന്നിധാനത്തും വെൻറിലേറ്ററുകൾ സജ്ജമാക്കി. ഇതുകൂടാതെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലയിലെ പ്രധാന സർക്കാർ ആശുപത്രികളിലും സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്. മൊബൈൽ മെഡിക്കൽ ടീമിനേയും സജ്ജമാക്കി. വിദഗ്ദ്ധ വൈദ്യസഹായം ആവശ്യമുളള രോഗികൾക്ക് സൗജന്യ ആംബുലൻസ് സേവനവും ലഭ്യമാണ്.

ഇന്ത്യയിൽ എവിടെ നിന്നും വരുന്ന കാസ്പ് കാർഡുള്ള തീർത്ഥാടകർക്ക് സംസ്ഥാനത്തെ സ്റ്റേറ്റ് ഹെൽത്ത് ഏജൻസി മുഖേന എംപാനൽ ചെയ്ത എല്ലാ സർക്കാർ, സ്വകാര്യ ആശുപത്രികളിൽ നിന്നും സൗജന്യ ചികിത്സ ലഭ്യമാണ്. സംസ്ഥാനത്തെ 555 സ്വകാര്യ ആശുപത്രികളിലും 194 സർക്കാർ ആശുപത്രികളിലും ഈ പദ്ധതി പ്രകാരം സൗജന്യ ചികിത്സ ലഭ്യമാണ്. കാർഡില്ലാത്തവർക്ക് സർക്കാർ ആശുപത്രികളിൽ ചികിത്സ തേടാവുന്നതാണ്. തൊട്ടടുത്തുള്ള എംപാനൽ ചെയ്ത ആശുപത്രികൾക്കായി ദിശ 1056 ൽ ബന്ധപ്പെടാവുന്നതാണ്. എല്ലാ ഭാഷകളിലും ആരോഗ്യ വകുപ്പ് അവബോധം പുറത്തിറക്കിയിട്ടുണ്ട്. എല്ലാവരും ആരോഗ്യവകുപ്പിൻറെ മാർഗനിർദേശങ്ങൾ കൃത്യമായി പാലിക്കേണ്ടതാണെന്നും മന്ത്രി അഭ്യർത്ഥിച്ചു.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
മഴസമയത്തെ മലകയറ്റം പ്രത്യേകം ശ്രദ്ധിക്കണം.
മല കയറുമ്പോൾ 2 മീറ്റർ ശാരീരിക അകലം സ്വയം പാലിക്കണം.
വായും മൂക്കും മൂടുന്ന വിധം മാസ്‌ക് ധരിക്കുക. സംസാരിക്കുമ്പോൾ മാസ്‌ക് താഴ്ത്തരുത്.
ഉപയോഗിച്ച മാസ്‌ക്, പാഴ് വസ്തുക്കൾ, പ്ലാസ്റ്റിക് അലക്ഷ്യമായി വലിച്ചെറിയരുത്.
ഇടയ്ക്കിടെ കൈ വൃത്തിയാക്കണം. യാത്രയിൽ സാനിറ്റൈസർ കരുതേണ്ടതാണ്.
വൃത്തിയില്ലാത്ത കൈ കൊണ്ട് കണ്ണ്, മൂക്ക്, വായ് സ്പർശിക്കരുത്.
പനി, ചുമ, ശ്വാസതടസം തുടങ്ങിയ ലക്ഷണങ്ങളുള്ളവർ തീർത്ഥാടനം ഒഴിവാക്കുക.
3 മാസത്തിനകം കൊവിഡ് വന്നവർക്ക് മല കയറുമ്പോൾ ഗുരുതുരമായ ശ്വാസകോശ, ഹൃദയ സംബന്ധമായ പ്രശ്നങ്ങളുണ്ടാക്കും. അതിനാൽ തീർത്ഥാടനത്തിന് മുമ്പ് ശാരീരിക ക്ഷമത ഉറപ്പുവരുത്തണം. ഇത്തരക്കാർ പൾമണോളജി, കാർഡിയോളജി പരിശോധന നടത്തുന്നത് അഭികാമ്യമാണ്.
കടകളും പരിസരവും വൃത്തിയായി സൂക്ഷിക്കുക.
കൊതുക് വളരുന്ന സാഹചര്യം ഒഴിവാക്കുക.
ശുദ്ധജലം മാത്രമേ കുടിക്കാൻ പാടുള്ളൂ.
തീർത്ഥാടകർക്കൊപ്പമുള്ള ഡ്രൈവർമാർ, ക്ലീനർമാർ, പാചകക്കാർ തുടങ്ങിയ എല്ലാവരും ആരോഗ്യ നിർദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണ്

നിയുക്ത ശബരിമല മേൽശാന്തി ശബരിമലയ്ക്ക് പുറപ്പെട്ടു
നിയുക്ത ശബരിമല മേൽശാന്തി മാവേലിക്കര കണ്ടിയൂർ നീലമന ഇല്ലം എൻ.പരമേശ്വരൻ നമ്പൂതിരി പുലർച്ചെ 5നു ശബരിമലയ്ക്കു പുറപ്പെട്ടു.

കഴിഞ്ഞ ദിവസം വൈകിട്ടു നീലമന ഇല്ലത്തു കെട്ടുമുറുക്ക് ചടങ്ങുകൾ നടന്നു. ഇന്നു രാവിലെ സഹോദരന്മാരായ നാരായണൻ നമ്പൂതിരി, വിഷ്ണു നമ്പൂതിരി, കൃഷ്ണൻ നമ്പൂതിരി, മകൻ വിഷ്ണു നമ്പൂതിരി എന്നിവർക്കൊപ്പം പുറപ്പെട്ട പരമേശ്വരൻ നമ്പൂതിരി കണ്ടിയൂർ മഹാദേവർ, ചെട്ടികുളങ്ങര ഭഗവതി, പന്തളം വലിയകോയിക്കൽ, ആറന്മുള, എരുമേലി ക്ഷേത്രങ്ങളിൽ ദർശനം നടത്തി.

ഭക്തജനങ്ങൾക്ക് കോവിഡ് മാനദണ്ഡം പാലിച്ച് തിരുവാഭരണ ദർശനം അനുവദിക്കും
ഈ വർഷത്തെ ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ഭക്തജനങ്ങൾക്ക് കോവിഡ് മാനദണ്ഡം പാലിച്ച് തിരുവാഭരണ ദർശനം അനുവദിക്കാൻ പന്തളം കൊട്ടാരം നിർവ്വാഹക സംഘം ഭരണ സമിതി തീരുമാനിച്ചു.

വൃശ്ചികം 1-ാം തീയതി മുതൽ കാലത്തു് 5.30 മുതൽ ഭക്തജനങ്ങൾക്ക് ദർശനം ഉണ്ടായിരിക്കും. ക്ഷേത്രത്തിലെ അത്താഴ പൂജ വരെ ദർശനം ഉണ്ടായിരിക്കുമെന്ന് സംഘം സെക്രട്ടറി പി.എൻ. നാരായണ വർമ്മ അറിയിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.