ശബരിമല: സ്വാമി അയ്യപ്പൻ റോഡിലെ നാലാം വളവിൽ പുലിയെ കണ്ടതായി തീർത്ഥാടകർ . ശനിയാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. ഇതോടെ ഈ വഴി പോകുന്നതിന് തീർത്ഥാടകർക്ക് അല്പനേരം നിയന്ത്രണം ഏർപ്പെടുത്തി. അസിസ്റ്റന്റ് ഫോറസ്റ്റ് കൺസെർവേറ്റർ അൻവർ, റേഞ്ച് ഓഫീസർ അജിത്, വേണുകുമാർ, ഡെപ്യൂട്ടി റേഞ്ച് ഓഫീസർ എസ്. സുനിൽ കുമാർ എന്നിവരുടെ നേതൃത്വത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് നിരീക്ഷണം നടത്തി.
പുലിയുടെ സാമീപ്യമുള്ള മേഖലയാണ് ഇതെന്നും തീർത്ഥാടകർ കൂട്ടമായി പോകുന്നതിനാൽ പാതയിലേക്ക് ഇറങ്ങാൻ സാധ്യതയില്ലെന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. പുലിയുടെ കാല്പാദം പതിഞ്ഞതായും കണ്ടെത്തിയിട്ടില്ല. സംഭവത്തെ തുടർന്ന് സ്വാമി അയ്യപ്പൻ റോഡിൽ വനം വകുപ്പ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.