കാബൂൾ : പ്രാകൃതമായ ശിക്ഷാരീതികളുമായി വീണ്ടും അഫ്ഗാനിലെ താലിബാൻ ഭരണകൂടം. മോഷണക്കുറ്റം ആരോപിച്ച് ജനക്കൂട്ടത്തെ സാക്ഷിയാക്കി നാലുപേരുടെ കരങ്ങൾ താലിബാൻ വെട്ടിമാറ്റി. കാണ്ഡഹാറിലെ അഹമ്മദ് ഷാഹി സ്റ്റേഡിയത്തിൽ ചൊവ്വാഴ്ചയായിരുന്നു സംഭവം. ഇതിന് പുറമേ വിവിധ കുറ്റകൃത്യങ്ങൾക്ക് ഒമ്ബത് പേരെ ചാട്ടവാറിനടിക്കുകയും ചെയ്തു. മുപ്പത്തിയഞ്ച് മുതൽ മുപ്പത്തിയൊമ്ബത് തവണ വരെയാണ് ഓരോരുത്തർക്കും അടി നൽകിയത്.
സ്റ്റേഡിയത്തിൽ ശിക്ഷ നടപ്പിലാക്കുന്നതിന് സാക്ഷിയാവാൻ നൂറുകണക്കിനാളുകളെയാണ് താലിബാൻ കൊണ്ടുവന്നത്. ഇവരിൽ സർക്കാർ ഉദ്യോഗസ്ഥരും, മതപുരോഹിതന്മാരും, നാട്ടുകാരും ഉണ്ടായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
താലിബാന്റെ ശിക്ഷാരീതികളുടെ ചിത്രങ്ങൾ സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സ്റ്റേഡിയത്തിലെ പുൽമൈതാനത്ത് ശിക്ഷയും കാത്ത് ആളുകൾ ഇരിക്കുന്നതാണ് കാണാനാവുക. അഫ്ഗാൻ പത്രപ്രവർത്തകൻ താജുഡെൻ സൊറൂഷ് സംഭവത്തിന്റെ ഫോട്ടോ ട്വീറ്റ് ചെയ്തു. 1990കളിലെ പോലെ താലിബാൻ പരസ്യമായി ശിക്ഷിക്കാൻ തുടങ്ങിയെന്നും ചരിത്രം ആവർത്തിക്കുന്നുവെന്നും അഭിപ്രായപ്പെട്ടു.
കഴിഞ്ഞ ഡിസംബറിൽ താലിബാൻ പരസ്യമായി വധശിക്ഷ നടപ്പിലാക്കിയിരുന്നു. കൊലക്കുറ്റം ആരോപിച്ചായിരുന്നു ശിക്ഷ നടപ്പിലാക്കിയത്. താലിബാൻ അധികാരത്തിൽ തിരിച്ചെത്തിയതിന് ശേഷമുള്ള ആദ്യ പൊതു വധശിക്ഷയായിരുന്നു ഇത്. കൊല്ലപ്പെട്ടയാളുടെ പിതാവാണ് തോക്ക് ഉപയോഗിച്ച് കൊലക്കേസ് പ്രതിയെ വെടിവച്ച് ശിക്ഷ നടപ്പിലാക്കിയത്. നൂറുകണക്കിനാളുകളും ഉന്നത താലിബാൻ ഉദ്യോഗസ്ഥരും സംഭവത്തിന് ദൃക്സാക്ഷിയായി എത്തിയിരുന്നുവെന്ന് ദി സൺ റിപ്പോർട്ട് ചെയ്തിരുന്നു.