കവിയൂർ തോട്ടഭാഗത്ത് വീണ്ടും അപകടം: റോഡരികിലെ പുല്ലിൽ തെന്നി നിയന്ത്രണം വിട്ട കാർ പോസ്റ്റിലിടിച്ചു; യാത്രക്കാർ അത്ഭുതകരമായി രക്ഷപെട്ടു; ശബരിമല പാതയായിട്ടു പോലും കാടുകൾ വെട്ടിത്തെളിക്കാതെ പൊതുമരാമത്ത് വകുപ്പ്

കവിയൂർ: തോട്ടഭാഗത്ത് കഴിഞ്ഞ ദിവസം അപകടമുണ്ടായതിനു സമീപത്ത് തന്നെ വീണ്ടും അപകടം. രോഗിയുമായി ആശുപത്രിയിലേയ്ക്കു പോയ കാർ നിയന്ത്രണം വിട്ട് വൈദ്യുത പോസ്റ്റിലിടിച്ചു. മറ്റൊരു വാഹനത്തിനു സൈഡ് കൊടുക്കുന്നതിനിടെ റോഡരികിൽ അമിതമായി വളർന്നു നിന്ന പുല്ലിൽ കയറി നിയന്ത്രണം വിട്ട കാർ റോഡരികിലെ പോസ്റ്റിൽ ഇടിച്ചു നിൽക്കുകയായിരുന്നു. ഭാഗ്യം കൊണ്ടു മാത്രമാണ് റോഡരികിലെ കുഴിയിലേയ്ക്കു വീഴാതെ രക്ഷപെട്ടത്.

Advertisements

പത്തനംതിട്ട തട്ട സ്വദേശി ഓടിച്ചിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. ഇദ്ദേഹത്തിന്റെ ഭാര്യാപിതാവ് മാത്യു സക്കറിയ, ഭാര്യ രമണി മാത്യു എന്നിവർ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപെട്ടു. തിങ്കളാഴ്ച വൈകിട്ട് അഞ്ചരയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. വൃക്കരോഗിയായ പിതാവ് മാത്യുവിനൊപ്പം തിരുവല്ല പുഷ്പഗിരി ആശുപത്രിയിലേയ്ക്കു പോകുകയായിരുന്നു ഇവർ. ഈ സമയത്താണ് കവിയൂർ തോട്ടഭാഗത്ത് വച്ച് മറ്റൊരു വാഹനത്തിന് സൈഡ് നൽകുന്നതിനിടെ , റോഡരികിലെ പുല്ലിൽ കയറി കാറിന്റെ നിയന്ത്രണം നഷ്ടമായത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നിയന്ത്രണം നഷ്ടമായ കാർ ഉടൻ തന്നെ ഷിജു വെട്ടിച്ചു മാറ്റുകയായിരുന്നു. ഇതോടെ റോഡരികിലെ പോസ്റ്റിൽ ഇടിച്ച് കാർ നിന്നു. പോസ്റ്റിൽ ഇടിച്ചില്ലായിരുന്നെങ്കിൽ താഴെ കുഴിയിലേയ്ക്കു കാർ മറിഞ്ഞ് വൻ അപകടം തന്നെ ഉണ്ടായേനെ. അപകടമുണ്ടായെങ്കിലും പരിക്കേൽക്കാതിരുന്ന രോഗിയെയും ഭാര്യയെയും ഓട്ടോറിക്ഷയിൽ പുഷ്പഗിരി ആശുപത്രിയിലേയ്ക്ക് അയച്ചു.

കഴിഞ്ഞ ദിവസം ഇവിടെ നിന്നും മീറ്ററുകൾ മുന്നിലേയ്ക്കു മാറിയുണ്ടായ അപകടത്തിൽ നാലു പേർക്ക് പരിക്കേറ്റിരുന്നു. സമാന രീതിയിൽ തന്നെയാണ് തിങ്കളാഴ്ചയും അപകടം ഉണ്ടായത്. റോഡരികിൽ ഡ്രൈവർമാരുടെ കാഴ്ച പോലും മറയ്ക്കുന്ന രീതിയിലാണ് പുല്ല് വളർന്നു നിൽക്കുന്നത്. ഇത് അപകടകരമായ സാധ്യതയാണ്. സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട റോഡുകളിൽ ഒന്നായ ശബരിമല പാതയാണ് ഇത്. തിരുവല്ല – കുമ്പഴ റോഡിൽ കവിയൂർ തോട്ടഭാഗം ഭാഗത്ത് അപകടം പതിവാണ് എന്നും നാട്ടുകാർ ആരോപിക്കുന്നു. ഈ സാഹചര്യത്തിൽ കാടുകൾ വെട്ടിത്തെളിച്ച് അപകട സാധ്യത ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Hot Topics

Related Articles