തിരുവനന്തപുരം:സംസ്ഥാനത്ത് വീണ്ടും ഹൃദയമാറ്റ ശസ്ത്രക്രിയ നടന്നു. വാഹനാപകടത്തിൽ മരിച്ച കൊല്ലം സ്വദേശിയായ 33 കാരൻ ഐസക് ജോർജിന്റെ ഹൃദയം എയർ ആംബുലൻസിൽ കൊച്ചിയിലെ ലിസി ആശുപത്രിയിലെത്തിച്ചു. നാലുമണിക്കൂറിനുള്ളിൽ ശസ്ത്രക്രിയ പൂർത്തിയാകുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.ഐസക്കിന്റെ ഹൃദയം അങ്കമാലി സ്വദേശിയും 28കാരനുമായ അജിൻ ഏലിയാസിനാണ് മാറ്റിവെക്കുന്നത്. കൂടാതെ, രണ്ട് വൃക്ക, കരൾ, രണ്ട് കോർണിയ അടക്കമുള്ള അവയവങ്ങളും മറ്റ് രോഗികൾക്ക് ദാനം ചെയ്യുന്നു. ആകെ ആറു പേർക്ക് ഐസക്കിന്റെ അവയവങ്ങൾ പുതുജീവൻ നൽകും.
ഹോട്ടലുടമയായിരുന്ന ഐസക്ക് ജോലി കഴിഞ്ഞ് റോഡ് കടക്കുന്നതിനിടെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റിരുന്നു. തിരുവനന്തപുരം ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ, ഇന്നലെ മസ്തിഷ്ക മരണം സ്ഥിരീകരിച്ചതോടെയാണ് ബന്ധുക്കൾ അവയവദാനം തീരുമാനിച്ചത്.ഹൃദയവും ഒരു വൃക്കയും എറണാകുളം ലിസി ആശുപത്രിയിലേക്ക്, മറ്റൊരു വൃക്ക തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് കൈമാറും. കരളും കോർണിയയും ആവശ്യക്കാരായ മറ്റു രോഗികൾക്ക് നൽകുമെന്ന് ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഐസക്കിന്റെ വേർപാട് പൂർണ്ണമായും നികത്താനാവാത്തതാണ്. എന്നാൽ മറ്റുള്ളവർക്ക് ജീവൻ നൽകാൻ അദ്ദേഹത്തിന്റെ അവയവങ്ങൾ ദാനം ചെയ്യുന്നതിൽ കുടുംബത്തിലെ എല്ലാവരും ഒന്നിച്ചാണ് തീരുമാനം എടുത്തതെന്ന് ബന്ധുക്കൾ പറഞ്ഞു.