ചെന്നൈ:സംഗീതസംവിധായകൻ ഇളയരാജ, അജിത്ത് കുമാർ നായകനായി എത്തിയ ഗുഡ് ബാഡ് അഗ്ലി എന്ന ചിത്രത്തിനെതിരെ കോടതിയെ സമീപിച്ചു. തന്റെ മൂന്ന് ഗാനങ്ങൾ അനുമതിയില്ലാതെ സിനിമയിൽ ഉപയോഗിച്ചുവെന്നാരോപിച്ച് 5 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ഇളയരാജ ഹർജി നൽകിയിരിക്കുന്നത്.ചിത്രം ഏപ്രിൽ 10ന് തിയറ്ററുകളിലെത്തിയിരുന്നു. തുടർന്ന് ഏപ്രിൽ 15ന് ഇളയരാജ നിർമ്മാതാക്കൾക്ക് വക്കീൽ നോട്ടീസ് അയച്ചിരുന്നു. അനുമതി ലഭിക്കാതെയാണ് ഗാനങ്ങൾ ഉപയോഗിച്ചതെന്നും, നഷ്ടപരിഹാരം അടയ്ക്കുന്നതോടൊപ്പം ഏഴ് ദിവസത്തിനകം ഗാനങ്ങൾ ചിത്രത്തിൽ നിന്നും നീക്കണമെന്നും നോട്ടീസിൽ ആവശ്യപ്പെട്ടിരുന്നു. ആവശ്യങ്ങൾ അംഗീകരിക്കാത്ത പക്ഷം നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു.ഹർജി തിങ്കളാഴ്ച പരിഗണിക്കുമെന്ന് കോടതി അറിയിച്ചു.ഇതിനു മുമ്പും അനുമതിയില്ലാതെ തന്റെ സംഗീതം സിനിമകളിൽ ഉപയോഗിച്ചതിനെതിരെ പല നിർമ്മാതാക്കൾക്കും താൻ നിയമനോട്ടീസ് അയച്ചിട്ടുണ്ടെന്നും ഇളയരാജ ആരോപിച്ചു.
നടൻ അജിത്ത് ചിത്രത്തിനെതിരെ ഇളയരാജ കോടതിയിൽ; ‘എന്റെ പാട്ട് അനുമതിയില്ലാതെ ഉപയോഗിച്ചു, 5 കോടി നഷ്ടപരിഹാരം വേണം’
