അദാനി ഗ്രൂപ്പിന്റെ 600 കോടി രൂപ നിക്ഷേപ പദ്ധതി കൊച്ചിയിൽ; ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ, 1,000 പേർക്ക് നേരിട്ട് തൊഴിൽ

കൊച്ചി:ശതകോടീശ്വരൻ ഗൗതം അദാനി നയിക്കുന്ന അദാനി ഗ്രൂപ്പ് കൊച്ചി കളമശേരിയിൽ 600 കോടി രൂപയുടെ വമ്പൻ നിക്ഷേപത്തോടെ ഒരുക്കുന്ന ലോജിസ്റ്റിക്സ് പാർക്കിന്റെ ശിലാസ്ഥാപനം ഇന്ന് . എച്ച്എംടി ഇൻഡസ്ട്രിയൽ ഏരിയയിലെ 70 ഏക്കറിലാണ് പദ്ധതി. മുഖ്യമന്ത്രി പിണറായി വിജയൻ ശിലാസ്ഥാപനം നിർവഹിക്കും.

Advertisements

അദാനി പോർട്‌സിന്റെ ഉപസ്ഥാപനമായാണ് ലോജിസ്റ്റിക്സ് പാർക്ക് പ്രവർത്തിക്കുക. 15 ലക്ഷം ചതുരശ്ര അടിയിലായി നിർമിക്കുന്ന പാർക്കിന്റെ നിർമാണം ഒരുവർഷത്തിനകം പൂർത്തിയാകും. പാർക്ക് സജ്ജമായാൽ നേരിട്ട് 1,000 പേർക്ക് തൊഴിൽ ലഭിക്കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പ്രമുഖ ഇ-കൊമേഴ്സ് കമ്പനി ഫ്ലിപ്കാർട്ടിന് പാർക്കിൽ വലിയ വിഹിതം ലഭിക്കുന്നതോടെ കൊച്ചി, കമ്പനിയുടെ ഇന്ത്യയിലെ പ്രധാന വിതരണ കേന്ദ്രങ്ങളിലൊന്നായി മാറും.ലോജിസ്റ്റിക്സ് പാർക്കിൽ മികച്ച സൗകര്യങ്ങളോടു കൂടിയ വെയർഹൗസുകളാണ് ഒരുക്കുന്നത്. ദേശീയപാത 66-ൽ നിന്ന് 6 കിലോമീറ്ററും കൊച്ചി വിമാനത്താവളത്തിൽ നിന്ന് 21 കിലോമീറ്ററും ദൂരത്തിലാണ് പദ്ധതി. റെയിൽവേ സ്റ്റേഷനിലേക്കുള്ള ദൂരം 16 കിലോമീറ്ററും തുറമുഖത്തേക്ക് 26 കിലോമീറ്ററും. 6 കിലോമീറ്റർ മാത്രം അകലെയാണ് കാക്കനാട് പ്രത്യേക സാമ്പത്തിക മേഖല. ഇതിലൂടെ കൊച്ചിയെ ലോജിസ്റ്റിക്സ് രംഗത്തെ പ്രധാന ഹബ്ബാക്കി മാറ്റാനാകുമെന്നാണ് വിലയിരുത്തൽ.ഇൻവെസ്റ്റ് കേരള നിക്ഷേപ സംഗമത്തിൽ പ്രഖ്യാപിച്ച പദ്ധതികളിൽ ഒന്നായാണ് അദാനിയുടെ ഈ നിക്ഷേപം.

“സംഘമത്തിൽ വന്ന നിക്ഷേപ വാഗ്ദാനങ്ങൾ അതിവേഗം യാഥാർഥ്യമാകുകയാണ്. ലോജിസ്റ്റിക്സ് പാർക്ക് കേരളത്തിന്റെ നിക്ഷേപ സൗഹൃദ അന്തരീക്ഷത്തെ കൂടുതൽ ശക്തിപ്പെടുത്തുകയും നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും,” വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു.അതേസമയം, പ്രമുഖ വ്യവസായി എം.എ. യൂസഫലി നയിക്കുന്ന ലുലു ഗ്രൂപ്പും കളമശേരിയിൽ ഭക്ഷ്യ സംസ്കരണ യൂണിറ്റ് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. നിർമാണം ഉടൻ ആരംഭിക്കുമെന്ന് യൂസഫലി വ്യവസായ മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ അറിയിച്ചു. ഭക്ഷ്യ ഉൽപാദന രംഗത്ത് കേരളത്തിലെ ഏറ്റവും വലിയ പദ്ധതികളിലൊന്നായിരിക്കും ഇത്.

Hot Topics

Related Articles