അടൂർ : കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയെ തുടര്‍ന്ന് അടൂര്‍ നഗരത്തില്‍ വെള്ളംകയറി വന്‍ നാശനഷ്ടം ഉണ്ടായതായി ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. നിയോജക മണ്ഡലത്തിലെ എല്ലാ മേഖലയിലെയും നാശനഷ്ടങ്ങള്‍ കണക്കാക്കുന്നതിന് അടൂര്‍ താലൂക്ക് ഓഫീസില്‍ ഡെപ്യൂട്ടി സ്പീക്കറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിരവധി വീടുകള്‍, വ്യാപാര സ്ഥാപനങ്ങള്‍ എന്നിവ തകര്‍ന്നു. പന്തളത്ത് വീണ്ടും വെള്ളം കയറി. പ്രളയത്തില്‍ 108 വീടുകള്‍ക്ക് നാശം ഉണ്ടായിട്ടുണ്ട്. വിവിധ വ്യാപാര സ്ഥാപനങ്ങള്‍ക്ക് വലിയ നഷ്ടം ഉണ്ടായിട്ടുണ്ടെന്നും പ്രാഥമികമായി വിലയിരുത്തി. ഇനിയും ഇത്തരം ദുരിതങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുന്നതിന് കരുതലെടുക്കുന്നതിന്റെ ഭാഗമായി പഞ്ചായത്തുകളിലെ വിവിധ കൈത്തോടുകള്‍ ആഴം കൂട്ടി നവീകരിക്കുന്നതിനും പറന്തല്‍ തോട് ആഴം കൂട്ടി സൈഡ് കെട്ടുന്നതിനും മൈനര്‍ ഇറിഗേഷന്‍ വകുപ്പിന് നിര്‍ദേശം നല്കി.
അച്ചന്‍കോവില്‍, കല്ലട ആറുകളുടെ തീരങ്ങള്‍ ഇടിഞ്ഞ സ്ഥലങ്ങളില്‍ സൈഡ് കെട്ടുന്നതിന് പ്രോജക്ട് തയ്യാറാക്കുന്നതിനു വേണ്ടി ഇറിഗേഷന്‍ വകുപ്പിനെ ചുമതലപ്പെടുത്തി. യോഗത്തില്‍ അടൂര്‍ മുന്‍സിപ്പല്‍ ചെയര്മാന് ഡി.സജി, പന്തളം മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സുശീല സന്തോഷ്, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.കെ ശ്രീധരന്, റോണി സക്കറിയ, ആശ, സന്തോഷ് ചാത്തന്നൂര്‍പുഴ, രാജേന്ദ്രപ്രസാദ്, സുശീല, ആര്‍ഡിഒ തുളസീധരന്‍ പിള്ള, തഹസില്‍ദാര്‍ സാം ജോണ്‍, വില്ലേജ് ഓഫീസര്‍മാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.