തിരുവനന്തപുരം : കേരള ജനതയുടെ ആരോഗ്യ സംരക്ഷണത്തിന് പ്രാധാന്യം നല്‍കി കാര്‍ഷിക മേഖലയെ കൂടുതല്‍ ഫലപ്രദമാക്കുന്നതിന് പോഷകസമൃദ്ധി മിഷന്‍ രൂപീകരിക്കുമെന്ന് കൃഷിവകുപ്പ് മന്ത്രി പി പ്രസാദ്. പോഷക സമൃദ്ധമായ സുരക്ഷിത ഭക്ഷണം എന്ന ലക്ഷ്യത്തോടെ ഉല്പാദന മേഖല മുതല്‍ വിപണന മേഖല വരെ സമഗ്രമായി സംയോജിപ്പിച്ചുകൊണ്ട് കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കുക എന്നതാണ് പോഷകസമൃദ്ധി മിഷന്റെ ലക്ഷ്യം.
പോഷകസമൃദ്ധി മിഷന്റെ ഭാഗമായി ചെറുധാന്യങ്ങളുടെ കൃഷിയും വിളവെടുപ്പാനന്തര പരിപാലനവും ഇവയുടെ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കുന്നതിനുള്ള നൂതന സാങ്കേതികവിദ്യകളും കര്‍ഷകര്‍ക്ക് ലഭ്യമാക്കുന്നതിനായി ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐ സി എ ആര്‍ സ്ഥാപനമായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മില്ലറ്റ് റിസര്‍ച്ചുമായി കൃഷിവകുപ്പ് ധാരണാപത്രം ഒപ്പുവെച്ചു. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മില്ലറ്റ് റിസര്‍ച്ച് കണ്‍സള്‍ട്ടന്റായി പ്രവര്‍ത്തിക്കുന്നതാണ്. ധാരണ പത്രം ഒപ്പ് വെച്ചതിലൂടെ ചെറുധാന്യങ്ങളുടെ സംസ്‌കരണം, മൂല്യവര്‍ദ്ധന, വിപണനം കൂടാതെ ബ്രാന്റിങ് എന്നീ മേഖലകള്‍ കൂടുതല്‍ കാര്യക്ഷമമാക്കാനാകുമെന്ന് മന്ത്രി പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കുടുംബങ്ങളില്‍ പോഷകാഹാര ലഭ്യത ഉറപ്പ് വരുത്തുന്നതിന് ചെറുധാന്യങ്ങളുടെ ഉല്പാദനം വര്‍ദ്ധിപ്പിക്കുന്നതിനും, ഉല്പാദിപ്പിക്കപ്പെടുന്ന ചെറുധാന്യങ്ങള്‍ ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിനും, മൂല്യവര്‍ദ്ധനവ് നടത്തുന്നതിനുമുള്ള സാഹചര്യങ്ങള്‍ സൃഷ്ടിക്കുക എന്നിവ ലക്ഷ്യം വയ്ക്കുന്നു. പ്രാദേശിക തലങ്ങളില്‍ സംസ്‌കരണ യൂണിറ്റുകള്‍ നിര്‍മ്മിക്കുന്നതിലൂടെയും ഗ്രാമീണ – നഗര കേന്ദ്രങ്ങളിലെ വിപണികളില്‍ ചെറുധാന്യങ്ങളുടെയും മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളുടെയും ലഭ്യത ഉറപ്പു വരുത്തുന്നതിലൂടെയും വിഭവ ശേഷി വര്‍ദ്ധിപ്പിക്കുന്നതിലൂടെയും മൂല്യവര്‍ദ്ധനയ്ക്ക് ആവശ്യമായ സാങ്കേതിക സഹായങ്ങള്‍ ലഭ്യമാക്കുന്നതിലൂടെയും കേരളത്തില്‍ ചെറുധാന്യങ്ങളുടെ ലഭ്യതയും ഉപഭോഗവും വര്‍ദ്ധിപ്പിക്കാന്‍ കഴിയും.
വിള വൈവിധ്യവല്‍ക്കരണം എന്ന സംസ്ഥാന പദ്ധതിയില്‍ റാഗി, ചാമ, തിന, വരഗ്, പനിവരഗ്, മണിച്ചോളം, ബജ്‌റ, കുതിരവാലി എന്നീ ചെറുധാന്യ കൃഷികളുടെ വിസ്തൃതി വര്‍ദ്ധിപ്പിക്കാനും ഉല്പാദന വര്‍ദ്ധന ഉണ്ടാക്കാനുമാകും. കൂടാതെ വിളവെടുപ്പാനന്തര പരിപാലനവും, മൂല്യവര്‍ദ്ധനവും, പദ്ധതിയിലുള്‍പ്പെടുത്തി ഒരു ചെറുധാന്യ സംസ്‌കരണ യൂണിറ്റ് ആലപ്പുഴ ജില്ലയില്‍ സ്ഥാപിക്കുന്നു. ഈ സംസ്‌കരണ യൂണിറ്റിലൂടെ ചെറുധാന്യങ്ങളുടെ മൂല്യവര്‍ദ്ധിത ഉല്പന്നങ്ങള്‍ ഉല്പാദിപ്പിക്കാനാകുമെന്ന് മന്ത്രി പറഞ്ഞു.
പദ്ധതി പ്രകാരം സംസ്ഥാനത്തൊട്ടാകെ എല്ലാ ജില്ലകളിലും ചെറുധാന്യങ്ങളെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിന് കഴിയും. കൂടാതെ കേരളത്തില്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന ചെറുധാന്യങ്ങളും അവയുടെ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളും കേരളാഗ്രോ ബ്രാന്‍ഡിന് കീഴില്‍ വിവിധ ഓണ്‍ലൈന്‍/ഓഫ് ലൈന്‍ പ്ലാറ്റ്‌ഫോമുകളിലൂടെ പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതാണ്.
കേന്ദ്രാവിഷ്‌കൃത പദ്ധതിയായ രാഷ്ട്രീയ കൃഷി വികാസ് യോജന പ്രകാരം കൂടുതല്‍ സ്ഥലത്ത് ചെറുധാന്യ കൃഷി നടപ്പിലാക്കും. ചെറുകിട മില്ലറ്റ് സംസ്‌കരണ യൂണിറ്റുകള്‍ തുടങ്ങുന്നതിനായി സാമ്പത്തിക സഹായവും ലഭ്യമാണ്. മില്ലറ്റ് കഫേകള്‍ ആരംഭിക്കും. അന്താരാഷ്ട്ര ചെറുധാന്യ വര്‍ഷമായ 2023 ല്‍ ഇത്തരം പദ്ധതികളിലൂടെ ചെറുധാന്യങ്ങളുടെ ഉപഭോഗം വര്‍ദ്ധിപ്പിച്ച് ഏറ്റവും അനുയോജ്യവും ആരോഗ്യകരവുമായ ഭക്ഷണം എല്ലാ വിഭാഗം ജനങ്ങളിലേക്കും എത്തിക്കുന്നതിനും പദ്ധതി ലക്ഷ്യം വയ്ക്കുന്നുണ്ട്.
കൃഷിവകുപ്പിന്റെ നേതൃത്വത്തില്‍ അട്ടപ്പാടിയില്‍ മില്ലറ്റ് വില്ലേജ് പദ്ധതി നടപ്പിലാക്കി വരുന്നു. ഇതിന്റെ ഭാഗമായി 742 ഹെക്ടറില്‍ ജൈവ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചുകഴിഞ്ഞു. നിലവില്‍ ചെറുധാന്യങ്ങള്‍ സംസ്‌കരിക്കുന്നതിന് സംസ്‌കരണ കേന്ദ്രം സ്ഥാപിച്ച് വിവിധ ഉല്‍പ്പന്നങ്ങള്‍ ഉല്പാദിപ്പിക്കുന്നുണ്ട്. ധാരണാപത്രം ഒപ്പിടുന്നതിന്റെ ഭാഗമായി കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ സാങ്കേതിക സഹായത്തോടെ ഉത്പാദിപ്പിച്ച് ലഭ്യമാക്കാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു.