ന്യൂഡല്‍ഹി: അപകീർത്തി കേസിൽ രാഹുൽ ഗാന്ധിക്ക് അനുകൂലമായി സുപ്രീം കോടതി വിധി വന്ന സാഹചര്യത്തിൽ രാഹുലിന് പാര്‍ലമെന്റ് അംഗത്വം തിരിച്ചുകിട്ടിയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. ഇതുമായി ബന്ധപ്പെട്ട സാങ്കേതിക തടസ്സങ്ങള്‍ മാത്രമാണ് ഇനി നീങ്ങാനുള്ളതെന്ന് അദ്ദേഹം പറഞ്ഞു.
ശിക്ഷാ വിധി സ്റ്റേ ചെയ്ത വിധി സ്പീക്കറെ അറിയിച്ചിട്ടുണ്ട്. രാഹുല്‍ എംപി സ്ഥാനത്തേക്ക് തിരിച്ചെത്തുന്നത് വൈകിപ്പിക്കുന്നത് വയനാട്ടിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണ്. തിങ്കളാഴ്ച്ച പാര്‍ലമെന്റ് സമ്മേളനം ആരംഭിക്കുമ്പോള്‍ രാഹുല്‍ ഉണ്ടാവുമോയെന്ന് അറിയില്ല. അക്കാര്യത്തില്‍ സ്പീക്കറുടെ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്ന് കെ സി വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേസമയം, രാഹുല്‍ ഗാന്ധിയുടെ അയോഗ്യത നീക്കി കൊണ്ടുള്ള ലോക്‌സഭ സെക്രട്ടറിയേറ്റിന്റെ വിജ്ഞാപനത്തിനായി നാളെ രാവിലെ വരെ കാത്തിരിക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. നാളെ രാവിലെ വിജ്ഞാപനം ഇറങ്ങിയില്ല എങ്കില്‍ നിയമ നടപടികളിലേക്കും പ്രതിഷേധ പരിപാടികളിലേക്കും കടക്കും.
രാഹുല്‍ ഗാന്ധിയെ കേന്ദ്രസര്‍ക്കാര്‍ നിരന്തരം പീഡിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഇത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്. ബുദ്ധിയുള്ള ജനങ്ങള്‍ക്ക് ഇതിന്റെ പിന്നാലെ കാര്യങ്ങളെല്ലാം മനസ്സിലാവുമെന്നും കെ സി വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു. രാഹുല്‍ ഗാന്ധി പാര്‍ലമെന്റില്‍ പ്രസംഗിക്കുന്നതില്‍ മോദിക്ക് ഭയമുണ്ടോ, എങ്കില്‍ അത് പറയട്ടെ. എല്ലാത്തിനേയും അതിജീവിക്കുന്ന നേതാവ് എന്നല്ലേ മോദി സ്വയം പറയുന്നത്. പിന്നെ എന്തിനാണ് ഭയപ്പെടുന്നതെന്നും കെ സി വേണുഗോപാല്‍ ചോദിച്ചു.
ലോക്‌സഭ അംഗത്വം പുനഃസ്ഥാപിച്ചാല്‍ മാത്രമേ രാഹുലിന് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കഴിയൂ. അപകീര്‍ത്തിക്കേസിലെ ശിക്ഷവിധി സ്റ്റേ ചെയ്ത സുപ്രീംകോടതി ഉത്തരവിന്റെ പകര്‍പ്പ് നേരിട്ട് കൈപ്പറ്റാന്‍ ലോക്‌സഭ സ്പീക്കര്‍ ഓം ബിര്‍ള ഇന്നലെ വിസമ്മതിച്ചിരുന്നു. തപാല്‍ മുഖേനയാണ് രേഖകള്‍ കൈമാറിയത്.