വണ്ടൂർ:വീടിന്റെ ശൗചാലയത്തിനരികിലെ ഷെഡ്ഡിനുള്ളിൽ നിന്ന് ഭൂഗർഭ അറകൾ നിർമ്മിച്ച് ചാരായം സൂക്ഷിച്ച ഗൃഹനാഥൻ എക്സൈസ് സംഘത്തിന്റെ പിടിയിൽ.മമ്പാട് മേപ്പാടം പള്ളിക്കുന്നിലെ പഴംപാലക്കോട് വീട്ടിൽ രാജു (45) വാണ് കാളികാവ് എക്സൈസ് ഇൻസ്പെക്ടർ ടി.സി. അനീഷിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പിടിയിലായത്.അറകളിൽ സൂക്ഷിച്ചിരുന്ന 60 ലിറ്റർ വാഷ്, 1.75 ലിറ്റർ ചാരായം, വാറ്റ് ഉപകരണങ്ങൾ എന്നിവയാണ് സംഘം കണ്ടെടുത്തത്.
20 വർഷത്തിലേറെയായി കെട്ടിടനിർമാണ മേഖലയിലുളള തൊഴിലാളിയായിരുന്ന രാജു, കഴിഞ്ഞ വർഷം ഭാര്യയുമായി ചേർന്ന് പുതിയ വീട് പണിയുമ്പോൾ ഭൂമിക്കടിയിൽ രഹസ്യ അറകൾ ഒരുക്കുകയായിരുന്നു. അടുക്കളയിൽ നിന്ന് ടൈൽ എടുത്തുമാറ്റിയാൽ അറകളിലേക്കു പ്രവേശിക്കാമെന്ന രീതിയിലായിരുന്നു സൗകര്യം.അറകളിൽ 500 ലിറ്ററോളം വാഷ് സൂക്ഷിക്കാവുന്ന സൗകര്യം ഉണ്ടെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി മുൻ പ്രതികളെ രഹസ്യമായി നിരീക്ഷിക്കുന്നതിനിടെയാണ് രാജുവിന്റെ വീട്ടിൽ പരിശോധനയെത്തിയത്. കഴിഞ്ഞ രാത്രി 8.30 ഓടെയാണ് സംഘം പരിശോധന നടത്തിയത്.ഷെഡ്ഡിനടുത്ത് കൂട്ടിയിട്ടിരുന്ന പാഴ് വസ്തുക്കളിൽ സംശയം തോന്നിയതോടെയാണ് അറകൾ കണ്ടെത്തിയത്. മുകളിൽ സ്ലാബിട്ട് മൂടി, അതിനുമീതെ മെറ്റൽ നിറച്ച ചാക്കുകളും വെട്ടുകല്ലുകളും നിറച്ച നിലയിലായിരുന്നു അറകൾ.ചില്ലറ ചാരായവിൽപ്പനയുമായി ബന്ധപ്പെട്ട് രാജുവിനെതിരെ നേരത്തെ തന്നെ നാല് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും, ഇങ്ങനെ രഹസ്യമായി ഒരുക്കിയ ഭൂഗർഭ അറകളിൽ നിന്നാണ് ഇത്തവണ വലിയ തോതിൽ സാധനങ്ങൾ പിടികൂടിയത്.പരിശോധനയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ കെ.എം. ശിവപ്രകാശ്, ഗ്രേഡ് പ്രിവന്റീവ് ഓഫീസർ കെ.എസ്. അരുണ്‍കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ മുഹമ്മദ് ഷരീഫ്, കെ.വി. വിപിൻ, കെ. അമിത്, മുഹമ്മദ് ഹബീബ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ പി. രജനി എന്നിവർ പങ്കെടുത്തു.