ആലപ്പുഴ : ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തലവടി ഗ്രാമ പഞ്ചായത്ത് 13-ാം വാർഡ് കോടമ്പനാടിയിൽ വോട്ടിംഗ് തുടങ്ങി. കുന്തിരിക്കൽ സിഎംഎസ് സ്കൂളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. പ്രമുഖ കക്ഷിയിൽപെട്ട നാല് സ്ഥാനാർത്ഥികളാണ് ഉപതെരഞ്ഞെടുപ്പിൽ അങ്കം കുറിക്കുന്നത്. ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കുന്ന അഭിലാഷ് , സി പി ഐ എമ്മിൽ നിന്ന് അരിവാൾ ചുറ്റിക നക്ഷത്രത്തിൽ എൻ.പി രാജൻ, ബി.ജെ.പിയിൽ താമരയിൽ മത്സരിക്കുന്ന പി.ബി ബിജു, ആം ആദ്മി പാർട്ടിയിൽ ചൂല് ചിഹ്നത്തിൽ മത്സരിക്കുന്ന മനു കെ.ജി എന്നിവരാണ് രംഗത്തുള്ളത്.
കോൺഗ്രസ് സീറ്റ് നിലനിർത്താൻ പോരാടുമ്പോൾ സി.പി.എം സീറ്റ് തിരികെ പിടിക്കാനുള്ള ശ്രമത്തിലും ബി.ജെ.പിയും ആം ആദ്മി പാർട്ടികൾ അട്ടിമറി വിജയം പ്രതീക്ഷിച്ചുമാണ് തെരഞ്ഞെടുപ്പ് ഗോതയിൽ ഇറങ്ങിയിരിക്കുന്നത്. ആര് വിജയിച്ചാലും തലവടി പഞ്ചായത്തിൽ ഭരണ മാറ്റത്തിന് സാധ്യതയില്ല. ഇടത് മുന്നണി വ്യക്തമായ ഭൂരിപക്ഷത്തിലാണ് ഭരണം നടത്തുന്നത്.
15 അംഗ ഗ്രാമസഭയിൽ സി.പി.എം – 6, സി.പി.ഐ- 1, കേരള കോൺഗ്രസ് (മാണി) – 1, കോൺഗ്രസ് – 2, കേരള കോൺഗ്രസ് – 1, ബി.ജെ.പി – 1, സ്വതന്ത്രർ – 2 എന്നിങ്ങനെയാണ് നിലവിൽ കക്ഷിനില. 2020 ലെ തെരഞ്ഞെടുപ്പിൽ 13-ാം വാർഡിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ച വിശാഖ് കെ.പി ജോലി തേടി വിദേശത്തേയ്ക്ക് പോയതാണ് തെരഞ്ഞെടുപ്പിന് കളം ഒരുങ്ങിയത്. 1386 വോട്ടർമാരാണ് ഉള്ളത്. വോട്ടെണ്ണൽ നാളെ തലവടി എഇഒ ഓഫീസിൽ .