കൊച്ചി: പറപൂരിൽ കൂലി തർക്കത്തെ തുടർന്ന് ആംബുലൻസ് എടുക്കാൻ തയ്യാറാകാത്തതോടെ ചികിത്സ വൈകി രോഗി മരിച്ചതായി പരാതി. വടക്കൻ പറവൂർ സ്വദേശി അസ്മയാണ് മരിച്ചത്. പറവൂർ താലൂക്ക് ആശുപത്രിയിലെ ആംബുലൻസ് ഡ്രൈവർക്കെതിരെയാണ് പരാതി ഉയർന്നു വന്നിരിക്കുന്നത്.
കടുത്ത പനി ബാധിച്ച് ഇന്ന് രാവിലെയാണ് താലൂക്ക് ആശുപത്രിയിൽ അസ്മയെ പ്രവേശിപ്പിച്ചത്. എന്നാൽ നില വഷളായതോടെ എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റാൻ തീരുമാനിക്കുകയായിരു. ആശുപത്രിയിൽ ഉണ്ടായിരുന്ന കെഎൽ 01 ബിഎ 5584 നമ്പർ എന്ന ആംബുലൻസിൽ രോഗിയെ കയറ്റിയ ശേഷമാണ് ഡ്രൈവർ കൈയ്യിൽ എത്ര പണമുണ്ടെന്ന് ചോദിച്ചതെന്നാണ് ബന്ധുക്കളുടെ പരാതി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
700 രൂപയാണ് ഉണ്ടായിരുന്നത്. 900 രൂപ ആവശ്യപ്പെട്ട ഡ്രൈവർ ഇതില്ലാതെ മുന്നോട്ട് പോകില്ലെന്ന് നിലപാടെടുക്കുകയായിരുന്നു. പണം ബൈക്കിൽ എത്തിക്കാമെന്ന് പറഞ്ഞെങ്കിലും ഡ്രൈവർ തയ്യാറായില്ല. ഈ സമയത്ത് രോഗി കൂടുതൽ അവശയായി. പണം സംഘടിപ്പിച്ച് വന്ന ശേഷമാണ് ആംബുലൻസ് പുറപ്പെട്ടത്.
എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിയതിന് പിന്നാലെ രോഗി മരിക്കുകയായിരുന്നുവെന്നും പരാതിയിൽ പറയുന്നു.