കാലിഫോർണിയ: അമേരിക്കയിൽ 30 വർഷമായി താമസിക്കുന്ന 73കാരിയായ സിഖ് വനിതയെ ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് (ICE) വിഭാഗം തടങ്കലിൽ പാർപ്പിച്ചു. കാലിഫോർണിയയിലെ പതിവ് പരിശോധനകളുടെ ഭാഗമായി ഹർജിത് കൗറിനെയാണ് ഉദ്യോഗസ്ഥർ തടഞ്ഞത്.വടക്കൻ കാലിഫോർണിയയിലെ ഈസ്റ്റ് ബേയിൽ മൂന്ന് പതിറ്റാണ്ടായി താമസിക്കുന്ന ഹർജിത് കൗറിന് രേഖകളില്ലെന്നാണ് ഇമിഗ്രേഷൻ വിഭാഗത്തിന്റെ വിശദീകരണം. 1992-ൽ രണ്ട് ആണ്മക്കളുമായി ഇന്ത്യയിൽ നിന്ന് അമേരിക്കയിലെത്തിയ ഇവരുടെ അഭയാർത്ഥിത്വ അപേക്ഷ 2012-ൽ നിരസിക്കപ്പെട്ടിരുന്നു.
എന്നാൽ തുടർന്ന് വർഷത്തിൽ രണ്ടു പ്രാവശ്യം ഇമിഗ്രേഷൻ വിഭാഗത്തിൽ ഹാജരാകുന്നത് ഒരിക്കലും നഷ്ടപ്പെടുത്തിയിട്ടില്ലെന്നത് കുടുംബം ചൂണ്ടിക്കാട്ടുന്നു. “ഒരിക്കൽ പോലും പരിശോധനയ്ക്ക് ഹാജരാകാതെ പോയിട്ടില്ല. ഇപ്പോഴത്തെ നടപടി പൂർണ്ണമായും അന്യായമാണ്,” എന്ന് മരുമകൾ ഇയോ മഞ്ചി കൗർ ആരോപിച്ചു.സംഭവത്തിനെതിരെ കുടുംബാംഗങ്ങളും സിഖ് സമൂഹവും പ്രതിഷേധവുമായി രംഗത്തെത്തി. വയോധികയും അസുഖബാധിതയുമായ ഹർജിത് കൗറിനെ ഇന്ത്യയിലേക്ക് തിരിച്ചയക്കുമോയെന്ന ആശങ്കയിലാണ് കുടുംബം. തൈറോയ്ഡ്, മൈഗ്രെയ്ൻ, മുട്ടുവേദന, ആങ്സൈറ്റി തുടങ്ങി ആരോഗ്യപ്രശ്നങ്ങൾ ഇവർ നേരിടുന്നതായി ബന്ധുക്കൾ അറിയിച്ചു.