അരിക്കൊമ്പനെ അരിയിട്ടു വാഴിക്കുന്നവരോടാണ്…
അരിക്കൊമ്പനെ പിടികൂടിയതില്‍ പരിതപിക്കുന്ന പലരെയും കണ്ടു. കണ്ണീരൊഴുക്കുന്നവരില്‍ പരിസ്ഥിതി പ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തകരും മൃഗസ്നേഹികളുമുണ്ട്. അരിക്കൊമ്പനെ പിടികൂടുന്നതിനിടയില്‍ പെയ്ത മഴ പ്രകൃതിയുടെ കരച്ചിലാണെന്നും, ആനയെ പിടികൂടിയതിന്റെ ഭവിഷ്യത്തുകള്‍ അനുഭവിക്കേണ്ടി വരുമെന്നും, വരുംവര്‍ഷം ഉരുള്‍പൊട്ടിയും മലവെള്ളപ്പാച്ചിലിലും ആ നാട് നശിക്കണമെന്നും അപ്പോള്‍ കയ്യടിക്കുമെന്നുമെല്ലാം പുലമ്പുന്നവര്‍. ഇത്തരം ചിന്താഗതിയുള്ളവര്‍ എന്റെ സൗഹൃദത്തിലുണ്ടെങ്കില്‍ ദയവായി അണ്‍ഫ്രണ്ട് ചെയ്തു പോകണമെന്ന് അപേക്ഷിക്കുന്നു. കാരണം, വാക്കിലും പ്രവൃത്തിയിലും ചിന്തയിലുമെല്ലാം ഞാനൊരു ഇടുക്കിക്കാരനാണ്. ഈ ഭൂമിയില്‍ ആനയ്ക്കും പന്നിക്കുമുള്ള അവകാശമെങ്കിലും മനുഷ്യനും വേണമെന്ന് കരുതുന്നയാള്‍. ഉറ്റവരെയും ഉടയവരെയും കുഞ്ഞുങ്ങളെയും അമ്മമാരെയും ചവിട്ടിയരക്കാനെത്തുന്ന അരിക്കൊമ്പന്മാരോട് ദയവുണ്ടാകരുതെന്ന് ചിന്തിക്കുന്നയാള്‍. പൊരുത്തപ്പെടാന്‍ നിങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാവും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കഴിഞ്ഞ ഒരു മാസമായി ചിന്നക്കനാല്‍ മേഖല ഉള്‍പ്പെടെ ഹൈറേഞ്ചിന്റെ മിക്കവാറും എല്ലായിടങ്ങളിലും സാമാന്യം നല്ല വേനല്‍മഴയുണ്ട്. അല്ലാതെ, അരിക്കൊമ്പന് വേണ്ടി പ്രകൃതിയിട്ട സ്പെഷ്യല്‍ ഇഫക്ടല്ല ഇന്നലത്തെ മഴ. വന്യജീവികളുടെ ശല്യം മൂലം ഹൈറേഞ്ചിലെ ജനജീവിതം ഏറെക്കാലമായി ദുസഹമാണ്. മരച്ചീനിയും വാഴയും കാച്ചിലും ചേമ്പും തുടങ്ങി എന്തു കൃഷിചെയ്താലും വന്യമൃഗങ്ങളുടെ, പ്രത്യേകിച്ചും കാട്ടുപന്നിയുടെ ശല്യംമൂലം ഒന്നും കിട്ടാറില്ല. പഴം-പച്ചക്കറികള്‍ നട്ടുപിടിപ്പിച്ചാല്‍ മ്ലാവും കേഴയും മുളയിലെ നുള്ളിയെടുക്കും. എന്നിട്ടും ഹൈറേഞ്ചിലെ കുടിയേറ്റ കര്‍ഷകര്‍ ക്ഷമയുടെ നെല്ലിപ്പലക കണ്ടിട്ടില്ല. ദേവികുളം താലൂക്കില്‍ വന്‍തോതില്‍ കൃഷി നശിപ്പിക്കുകയും കാടിറങ്ങി നടക്കുകയും ചെയ്യുന്ന പടയപ്പയോടും ചക്കക്കൊമ്പനോടും പോലും ഇത്രത്തോളം കലിപ്പുണ്ടായിട്ടില്ല. അവയൊന്നും മനുഷ്യന്റെ ജീവന് ഭീഷണിയായിട്ടില്ല എന്നതാണ് കാരണം. കഴിഞ്ഞ 20 വര്‍ഷത്തിനിടയില്‍ ദേവികുളം താലൂക്കില്‍ മാത്രം നാല്‍പ്പതോളം പേരെയാണ് കാട്ടാന ചവിട്ടിക്കൊന്നത്. ഇതില്‍ 11 പേരെയും കൊന്നത് അരിക്കൊമ്പനാണ്. അതുകൊണ്ടാണ് അതിനെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് ജനങ്ങള്‍ തെരുവിലിറങ്ങിയത്. ഇത്തരത്തില്‍ അപകടകാരിയായ അരിക്കൊമ്പനെ പിടികൂടി, ഭക്ഷണവും വെള്ളവും ധാരാളമുള്ള മറ്റൊരു വനമേഖലയിലേക്ക് മാറ്റുന്നതില്‍ എന്താണിത്ര അസ്വസ്ഥത.
അരിക്കൊമ്പന്റെയും മറ്റു കാട്ടുമൃഗങ്ങളുടെയും ഭൂമി കയ്യേറിയത് നിങ്ങളല്ലേ? എന്ന മറുചോദ്യം ഉന്നയിക്കുന്നവരുമുണ്ട്. അങ്ങനയെങ്കില്‍, നൂറ്റാണ്ടുകളായി കാട്ടിനുള്ളില്‍ കഴിയുന്ന ആദിവാസികളെ ആന ചവിട്ടിക്കൊല്ലുന്നത് എന്തിനായിരിക്കും. അട്ടപ്പാടിയില്‍ മാത്രം കാട്ടാനകള്‍ ചവിട്ടിയരച്ച ആദിവാസികളുടെ എണ്ണം പരിശോധിച്ചാല്‍ പേടിപ്പെടുത്തുന്നതാണ്. മറ്റൊന്നുള്ളത്, അന്നത്തെ ഭരണകൂടങ്ങളുടെ ആവശ്യപ്രകാരം കുടിയേറിയവരാണ് ഹൈറേഞ്ചിലെ കര്‍ഷകരില്‍ അധികവും. അല്ലാതെ കയ്യേറ്റക്കാരല്ല. ഹൈറേഞ്ചിലേക്ക് പോകാന്‍ തയ്യാറായവര്‍ക്ക് സര്‍ക്കാര്‍ ധനസഹായവും പണിയായുധങ്ങളും നല്കി. രണ്ടാംലോക മഹായുദ്ധകാലത്ത് നാടെങ്ങും ദാരിദ്ര്യം രൂക്ഷമായപ്പോള്‍ കൂടുതല്‍ ഭക്ഷ്യവസ്തുക്കള്‍ ഉത്പാദിപ്പിക്കുക എന്ന ലക്ഷ്യമായിരുന്നു ഇതിന് പിന്നില്‍. എന്നുവെച്ചാല്‍, ഇപ്പോള്‍ അരിക്കൊമ്പന് വേണ്ടി കണ്ണീരൊഴുക്കുന്നവരില്‍ പലരുടെയും അപ്പനപ്പൂപ്പന്മാര് പട്ടിണികിടന്ന് ചാവാതിരിക്കാനായിരുന്നു ഹൈറേഞ്ചിലേക്കുള്ള കുടിയേറ്റം. പില്ക്കാലത്ത് ഈ കൃഷിയിടങ്ങള്‍ക്കെല്ലാം സര്‍ക്കാര്‍ പട്ടയവും നല്കി.
അരിക്കൊമ്പന്റെ ആരാധകരില്‍ പലരുടെയും ധാരണ പശ്ചിമഘട്ടത്തില്‍ മാത്രമെ കാടുണ്ടായിരുന്നുള്ളുവെന്നാണ്. കൊച്ചി നഗരത്തില്‍നിന്നും എട്ടോ പത്തോ കി.മീ. മാത്രം അകലെയുള്ള മഞ്ഞുമ്മലില്‍ 1940-കളില്‍ കാട്ടാന ഉണ്ടായിരുന്നതായി ഒരു വൃദ്ധപുരോഹിതന്റെ അക്കാലത്തെ കുറിപ്പ് വായിച്ചത് ഓര്‍മ്മവരുന്നു. നമ്മുടെ നിയമസഭയിലുള്ള പഴയകാല രേഖകള്‍ പരിശോധിച്ചാല്‍, എറണാകുളം-തൃശ്ശൂര്‍-കൊല്ലം ജില്ലകളിലെ ഇന്നത്തെ പല ചെറുപട്ടണങ്ങളുടെയും 1950-കളിലെ അവസ്ഥ എന്തായിരുന്നുവെന്ന് വായിച്ചറിയാം. ഇന്നത്തെ കേരളത്തിന്റെ പലയിടങ്ങളും കാടായിരുന്നു. ശല്യക്കാരായ കാട്ടാനകളെ കണ്ടെത്താന്‍ ടോര്‍ച്ച് നല്കി പ്രത്യേകം ആളുകളെ നിയോഗിച്ചതായി സഭാരേഖകളില്‍ പറയുന്നുണ്ട്. ഇത്തരം ആനകളെ പിന്നീട് വെടിവെച്ചു കൊല്ലുകയാണ് ചെയ്തിരുന്നതെന്നും രേഖപ്പെടുത്തിയിരിക്കുന്നു. ഇതേക്കുറിച്ചൊന്നും ആര്‍ക്കും മിണ്ടാട്ടമില്ല. എന്നിട്ടാണിപ്പോള്‍ അരിക്കൊമ്പനെ അരിയിട്ടു വാഴിക്കാന്‍ ഇറങ്ങിയിരിക്കുന്നത്. പറഞ്ഞുവരുമ്പോള്‍, ഹൈറേഞ്ചിലേക്ക് കര്‍ഷകര്‍ എത്തുന്നതിനും മുന്‍പേ കാട് വെട്ടിത്തെളിക്കുകയും കാട്ടുമൃഗങ്ങളെ തുരത്തുകയും കൊന്നൊടുക്കുകയും ചെയ്തവരാണ് ഇന്നത്തെ പട്ടണവാസികള്‍.
ഇനിയിപ്പോള്‍, 301 കോളനിയില്‍ ആദിവാസികളെ പുനരധിവസിപ്പിച്ചതാണ് നിങ്ങളുടെ പ്രശ്നമെങ്കില്‍ ഇതിനായി സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കിയപ്പോള്‍ നിങ്ങള്‍ എവിടെയായിരുന്നു. നാവിറങ്ങിപ്പോയിരുന്നോ? ഇവിടം ആനത്താരയാണെന്നും മനുഷ്യജീവിതത്തിന് അനുയോജ്യമല്ലെന്നും ആവശ്യപ്പെട്ട് ചെറിയൊരു പ്രതിഷേധമെങ്കിലും നടത്താമായിരുന്നില്ലേ. അതോ, അവിടെ ജീവിതം കരുപ്പിടിപ്പിക്കാനെത്തുന്ന മനുഷ്യരെ കാട്ടാനകള്‍ ചവിട്ടിയരച്ചോട്ടെയെന്ന് വിചാരിച്ചിരുന്നോ? ഇക്കാലമത്രയും അരിക്കൊമ്പന് മനുഷ്യരുടെ തലയോട് ചവിട്ടിപ്പൊട്ടിച്ചപ്പോള്‍ നിങ്ങള്‍ക്ക് വിശേഷിച്ചൊരു വികാരവും തോന്നിയില്ലേ.
ഇന്ത്യയുടെ ആകെ ഭൂവിസ്തൃതിയുടെ 1.8 ശതമാനം മാത്രമുള്ള കേരളത്തിലെ കാടുകളിലാണ് ഈ രാജ്യത്തെ 20 ശതമാനത്തിലധികം കാട്ടാനകളുമുള്ളത്. വനാതിര്‍ത്തിയോട് ചേര്‍ന്നുകഴിയുന്ന കര്‍ഷകരുടെ മൃഗസ്നേഹത്തിന് ഇതില്‍പ്പരമൊരു ഉദാഹരണം ആവശ്യമില്ല. പഴയതുപോലെ, കൊലകൊല്ലികളായ മൃഗങ്ങള്‍ക്കുനേരെ തോട്ടയും പടക്കവും എറിയാനും ഏത് അരിക്കൊമ്പന്റെയും തിരുനെറ്റിക്ക് വെടിപൊട്ടിക്കാനും അറിയാവുന്നവര്‍ ഇപ്പോഴും ഹൈറേഞ്ചിലുണ്ട്. അതിന് മുതിരാതെ നിയമത്തിന്റെയും സമാധാനത്തിന്റെയും വഴിയില്‍ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുന്ന ഇടുക്കിക്കാരനോടാണ്, ‘അരിക്കൊമ്പനെ നിനക്കൊന്നും ഒരു ചുക്കും ചെയ്യാന്‍ കഴിയില്ലെന്നും മര്യാദയ്ക്ക് ജീവിക്കാന്‍ പറ്റില്ലെങ്കില്‍ പോയി ചാത്തോ’ എന്നും ചില ചാവാലികള്‍ കുരയ്ക്കുന്നത്.