കമ്പം: അരിക്കൊമ്പനെ പിടിക്കാൻ പ്രത്യേക പരിശീലനം നേടിയ ആനപിടിത്ത സംഘത്തെ നിയോഗിച്ച് തമിഴ്നാട് വനം വകുപ്പ്. അഞ്ചംഗ ആദിവാസി സംഘത്തെയാണ് നിയോഗിച്ചിരിക്കുന്നത്.
മുതുമല കടുവാ സങ്കേതത്തിലെ മീൻ കാളൻ, ബൊമ്മൻ, സുരേഷ്, ശിവ, ശ്രീകാന്ത് എന്നിവരാണ് സംഘത്തിലുള്ളത്. വെറ്ററിനറി സർജൻ ഡോ. രാജേഷും സംഘത്തിലുണ്ടെന്ന് വനം വകുപ്പ് അറിയിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേസമയം, അരിക്കൊമ്പൻ ഷണ്മുഖ നദി ഡാമിന്റെ ജല സംഭരണിക്ക് സമീപത്തേക്ക് നീങ്ങുന്നുവെന്നാണ് ഇന്ന് രാവിലെ ലഭിച്ച വിവരം. ആന സൗകര്യപ്രദമായ സ്ഥലത്തെത്തിയാൽ മയക്കുവെടിവച്ച് പിടിക്കാനാണ് വനം വകുപ്പിന്റെ ആലോചന. അതിനായുള്ള നീക്കങ്ങൾ ആസൂത്രണം ചെയ്യുന്നുണ്ട്.
അരിക്കൊമ്പൻ തട്ടിയിട്ട ബൈക്ക് യാത്രക്കാരൻ പരിക്കേറ്റ് ചികിത്സയിലിരിക്കെ ഇന്ന് രാവിലെ മരണമടഞ്ഞു. കമ്പം സ്വദേശി പാൽരാജ് (57) ആണ് മരിച്ചത്. ശനിയാഴ്ച കമ്പത്ത് അരികൊമ്പൻ ജനവാസ മേഖലയിൽ ഇറങ്ങി ഓടിയപ്പോഴാണ് പാൽരാജിന്റെ ബൈക്കിൽ തട്ടിയത്. ബൈക്ക് മറിഞ്ഞു വീണ പാൽരാജിന്റെ തലക്കും വയറിനും ഗുരുതര പരിക്ക് ഏറ്റിരുന്നുവെന്നാണ് വിവരം.