ഏഷ്യാകപ്പ് ക്രിക്കറ്റ് ; ഫൈനലിൽ ഇന്ത്യയുടെ എതിരാളിയെ ഇന്നറിയാം ; സൂപ്പര്‍ഫോറില്‍ ഇന്ന് പാകിസ്ഥാനും ശ്രീലങ്കയും തമ്മിൽ ഏറ്റുമുട്ടും

കൊളംബോ : ഏഷ്യാകപ്പ് ക്രിക്കറ്റില്‍ ഇന്ത്യയുടെ ഫൈനലിലെ എതിരാളിയെ ഇന്നറിയാം. സൂപ്പര്‍ഫോറില്‍ പാകിസ്ഥാനും ശ്രീലങ്കയും തമ്മിലാണ് ഇന്നത്തെ മത്സരം. ജയിക്കുന്ന ടീം ഫൈനലിലെത്തും. മഴകാരണം കളി മുടങ്ങിയാല്‍ ലങ്കയ്ക്കാണ് സാധ്യത. കഴിഞ്ഞദിവസം ലങ്കയെ 41 റണ്ണിന് കീഴടക്കിയാണ് ഇന്ത്യ ഫൈനലില്‍ കടന്നത്. നാലാമത്തെ ടീമായ ബംഗ്ലാദേശ് പുറത്തായി. ഞായറാഴ്ചയാണ് ഫൈനല്‍.

പേസര്‍മാരുടെ പരിക്കാണ് പാകിസ്ഥാനെ അലട്ടുന്നത്. ഹാരിസ് റൗഫും നസീം ഷായും ഇന്ന് കളിക്കില്ല. ഇരുവര്‍ക്കും ഇന്ത്യയുമായുള്ള മത്സരത്തിനിടെ പരിക്കേല്‍ക്കുകയായിരുന്നു. ഷഹ്നവാസ് ദഹാനിയും സമൻ ഖാനുമാണ് പകരക്കാര്‍. മണിക്കൂറില്‍ 150 കിലോമീറ്റര്‍ വേഗത്തില്‍ പന്തെറിയുന്ന ബൗളറാണ് സമൻ. ബാറ്റിങ് നിര നേപ്പാളിനെതിരെ ശോഭിച്ചതല്ലാതെ പിന്നെ കളംപിടിച്ചിട്ടില്ല. ക്യാപ്റ്റൻ ബാബര്‍ അസം, ഓപ്പണര്‍മാരായ ഫഖര്‍ സമാൻ, ഇമാം ഉള്‍ ഹഖ് എന്നിവരെ കൂടുതല്‍ ആശ്രയിക്കേണ്ടിവരുന്നതാണ് പാകിസ്ഥാന്റെ പ്രശ്നം. മുഹമ്മദ് റിസ്വാനും ആഗ സല്‍മാനും റണ്‍ കണ്ടെത്തുന്നില്ല.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ലങ്ക അവസാനകളിയില്‍ ഇന്ത്യയോട് പൊരുതിത്തോറ്റതാണ്. 214 റണ്‍ ലക്ഷ്യവുമായി ഇറങ്ങിയ ലങ്ക ഇരുപതുകാരൻ ദുനിത് വെല്ലാലഗെയുടെ പ്രകടത്തിന്റെ ബലത്തില്‍ ജയം പ്രതീക്ഷിച്ചതാണ്. എന്നാല്‍, ഇന്ത്യൻ സ്പിന്നര്‍ കുല്‍ദീപ് യാദവ് നാല് വിക്കറ്റുമായി കളി തിരിച്ചു. തുടര്‍ച്ചയായ 13 ജയങ്ങള്‍ക്കുശേഷമായിരുന്നു ലങ്കയുടെ തോല്‍വി. വല്ലാലഗെ, മതീഷ പതിരണ, മഹീഷ് തീക്ഷണ എന്നിവരിലാണ് ലങ്കയുടെ പ്രതീക്ഷകള്‍. പട്ടികയില്‍ ഇന്ത്യക്ക് നാല് പോയിന്റാണ്.ലങ്കയ്ക്കും പാകിസ്ഥാനും രണ്ടുവീതം. ഇതില്‍ പാകിസ്ഥാന്റെ റണ്‍നിരക്ക് മോശമാണ്. ഇന്ത്യയോടുള്ള കൂറ്റൻ തോല്‍വിയാണ് കാരണം.

Hot Topics

Related Articles