തിരുവനന്തപുരം :ശബരിമലയിലെ ആചാരലംഘനത്തിനും അതിനോടനുബന്ധിച്ച വിവാദങ്ങൾക്കും നേതൃത്വം നൽകിയ മുഖ്യമന്ത്രി പിണറായി വിജയന്റെ കാർമികത്വത്തിലാണ് സർക്കാർ സംഘടിപ്പിച്ച ‘ആഗോള അയ്യപ്പ സംഗമം’ പരാജയപ്പെട്ടതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഭക്തരെയും വിശ്വാസികളെയും കബളിപ്പിക്കാനുള്ള സർക്കാർ ശ്രമം പൊളിഞ്ഞുവെന്നതിന് തെളിവാണ് സംഗമ വേദിയിലെ ഒഴിഞ്ഞ കസേരകൾ എന്ന അദ്ദേഹത്തിന്റെ പരാമർശം.സർക്കാർ അവകാശപ്പെട്ടതിന്റെ നാലിലൊന്നു പേർ പോലും സംഗമത്തിൽ പങ്കെടുത്തില്ലെന്ന് ചൂണ്ടിക്കാട്ടിയ സതീശൻ, തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് സർക്കാർ ഭക്തി വേഷം കെട്ടിയതെന്നും ആരോപിച്ചു. “ദേവസ്വം ബോർഡ് ജീവനക്കാരും മുഖ്യമന്ത്രിയുടെ സ്റ്റാഫും മന്ത്രിമാരുടെ അനുയായികളുമാണ് സദസിൽ ഉണ്ടായിരുന്നത്. ഒഴിഞ്ഞ കസേരകളുടെ ദൃശ്യങ്ങൾ മാധ്യമങ്ങളിലൂടെ ലോകം കണ്ടു. എന്നാൽ അതിനെ എ.ഐ. നിർമ്മിതമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞത് ജനങ്ങളെ അപഹസിക്കലാണ്.
സംഗമം ‘ലോകവിജയം’ എന്ന് വിശേഷിപ്പിച്ചപ്പോൾ, ഗോവിന്ദൻ തന്നെ പിണറായി വിജയനെ പരിഹസിച്ചതാണോ എന്ന സംശയം ഉയരുന്നു,” -സതീശൻ ചൂണ്ടിക്കാട്ടി.ശബരിമലയിലെ മതേതരത്വത്തെ സർക്കാർ തന്നെ അപമാനിച്ചതായി പ്രതിപക്ഷ നേതാവ് ആരോപിച്ചു. “മാനവികതയുടെ, മതേതരത്വത്തിന്റെ പ്രതീകമായ ശബരിമലയിലേക്ക് യോഗി ആദിത്യനാഥിനെ പോലെ വർഗീയത പ്രചരിപ്പിക്കുന്ന ഒരാളെ ക്ഷണിച്ചത് കേരളത്തിന്റെ മതേതര മനസ്സിനെ അവഹേളിക്കുന്നതാണ്. അദ്ദേഹത്തിന്റെ ആശംസാകത്ത് അഭിമാനത്തോടെ വേദിയിൽ വായിച്ചത് സർക്കാർ നൽകുന്ന സന്ദേശം എന്താണ്?” – അദ്ദേഹം ചോദിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
“ഭക്തി പരിവേഷമുള്ളവർക്ക് പ്രത്യേക അജണ്ടയുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. എന്നാൽ തിരഞ്ഞെടുപ്പ് അടുത്തപ്പോൾ ഭക്തി പരിവേഷം കെട്ടിയതും പ്രത്യേക അജണ്ട പുലർത്തുന്നതും സർക്കാരാണ്. മുൻകാലത്ത് ആചാരാനുഷ്ഠാനങ്ങളെയും വിശ്വാസത്തെയും അവഹേളിച്ചവർ തന്നെയാണ് ഇപ്പോൾ ശബരിമലയും അയ്യപ്പ ഭക്തിയും രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിച്ചത്. ഇതിന്റെ തിരിച്ചടി കേരളജനങ്ങൾ ഉറപ്പായും നൽകും,” – സതീശൻ കൂട്ടിച്ചേർത്തു.