കൊച്ചി :ആഗോള അയ്യപ്പ സംഗമം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്‌തത് കപടഭക്‌തനെപ്പോലെയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ശബരിമലയിൽ പിണറായി ഭരണകൂടം നടത്തിയ നടപടികൾ അയ്യപ്പഭക്തർക്കും വിശ്വാസികൾക്കും മറക്കാനാകാത്തതാണ്. കാപട്യം ജനങ്ങൾ തിരിച്ചറിയുമെന്നും അദ്ദേഹം പറഞ്ഞു.സ്ത്രീകൾക്കെതിരായ അപവാദ പ്രചരണത്തിനു തുടക്കം കുറിച്ചത് എം.വി. ഗോവിന്ദനാണെന്നും ഇപ്പോൾ പഠിപ്പിക്കാൻ വരേണ്ടെന്നും സതീശൻ പരാമർശിച്ചു. വൈപ്പിൻ എംഎൽഎയ്‌ക്കെതിരായ വാർത്ത പുറത്തുവന്നത് സിപിഎമ്മിൽ നിന്നാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഉമ്മൻ ചാണ്ടിയുടെ മകളെയും വനിതാ മാധ്യമപ്രവർത്തകരെയും അപമാനിച്ച കേസുകളിൽ സിപിഎം നടപടിയെടുത്തിട്ടില്ലെന്നും സൈബർ ആക്രമണങ്ങളിൽ പൊലീസ് ഇരട്ടനീതി കാട്ടുകയാണെന്നും ആരോപിച്ചു.
ശബരിമല വിഷയത്തിൽ തെരഞ്ഞെടുപ്പ് മുൻനിർത്തി മുഖ്യമന്ത്രി ഭക്തിയുടെ പരിവേഷം അണിഞ്ഞു കൊണ്ടാണു സംസാരിച്ചതെന്നും സതീശൻ പറഞ്ഞു. അദ്ദേഹത്തിന്റെ കാലത്ത് ആചാരലംഘനത്തിന് പൊലീസിനെ വിനിയോഗിച്ച് നടത്തിയ ക്രൂരതകൾ മറച്ചുപിടിച്ചാണ് ഇപ്പോൾ പ്രസംഗിക്കുന്നതെന്നും ആരോപിച്ചു.”ഒൻപതര കൊല്ലം ശബരിമലയിൽ ഒരു വികസനവും നടത്താത്ത സർക്കാരാണ് ഇപ്പോൾ മാസ്റ്റർ പ്ലാനുമായി ഇറങ്ങിയത്. സുപ്രീംകോടതിയിലെ സത്യവാങ്മൂലം പിൻവലിക്കുമോ? കേസുകൾ പിൻവലിക്കുമോ? തിരഞ്ഞെടുപ്പിന്റെ സായാഹ്നത്തിൽ ഭക്തരെ കബളിപ്പിക്കാനാണ് ശ്രമം” – വി.ഡി. സതീശൻ വിമർശിച്ചു.സർക്കാർ 112 ഹെക്ടർ സ്ഥലം ഏറ്റെടുത്തിട്ടും ഒന്നും ചെയ്തിട്ടില്ലെന്നും 82 ലക്ഷം രൂപ പോലും മൂന്നു വർഷമായി അനുവദിക്കാത്തതായും അദ്ദേഹം ആരോപിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ശബരിമല സാനിറ്റേഷൻ സൊസൈറ്റിക്ക് നൽകേണ്ട 50 ശതമാനം തുകയും സർക്കാർ നൽകിയിട്ടില്ലെന്ന് പറഞ്ഞു.”അയ്യപ്പസംഗമത്തിന്റെ ബോർഡുകളിൽ അയ്യപ്പനില്ല, പിണറായി വിജയനും വാസവനും മാത്രമാണ്. ദേവസ്വം ബോർഡിന്റെ ചുമതല പോലും ഭക്ഷണ കമ്മിറ്റിയിലേക്ക് ചുരുക്കി” -സതീശൻ വിമർശിച്ചു.വൈപ്പിൻ സംഭവവുമായി ബന്ധപ്പെട്ട് സിപിഎമ്മിന്റെ ഉത്തരവാദിത്വം ചൂണ്ടിക്കാട്ടി സതീശൻ പറഞ്ഞു:”വൈപ്പിനിലുണ്ടായത് ഒരു മാസം മുൻപുണ്ടായ സംഭവമല്ല. എന്ത് സംഭവമുണ്ടായാലും എന്തിന് എന്റെ നെഞ്ചത്തേക്ക് കയറുന്നു? ബന്ധപ്പെട്ട ആളുകളോടാണ് നിങ്ങൾ ചോദിക്കേണ്ടത്. എറണാകുളത്ത് ലെനിൻ സെന്ററിൽ പാർട്ടി സെക്രട്ടറിയുടെ കട്ടിലിനടിയിൽ ക്യാമറ വച്ച വിരുതന്മാർ ഉള്ള ജില്ലയാണിത്.”