തൃശൂർ: കുവൈറ്റിലെ തീപിടുത്തം നടന്ന ഫ്ലാറ്റില്‍ കാണാതായ ചാവക്കാട് സ്വദേശി ബിനോയ് തോമസ് മരിച്ചതായി വീട്ടുകാർക്ക് വിവരം ലഭിച്ചു. മൃതദേഹം തിരിച്ചറിഞ്ഞതായി കുവൈറ്റിലുള്ള ബൻ എന്ന സുഹൃത്ത് നാട്ടില്‍ അറിയിക്കുകയായിരുന്നു. ബിനോയിയുടെ ചർച്ചിലെ പാസ്റ്ററായ കുര്യാക്കോസ് ചക്രമാക്കലിനെയാണ് കുവൈറ്റില്‍ നിന്ന് സുഹൃത്ത് വിവരം അറിയിച്ചത്. കുവൈറ്റ് ദുരന്തത്തിന് പിന്നാലെ ബിനോയിയെ കാണാനില്ലെന്ന് പ്രവാസി ക്ഷേമനിധി ബോർഡ് ചെയർമാൻ കെ വി അബ്ദുള്‍ ഖാദർ അറിയിച്ചിരുന്നു. ബിനോയ് തീപിടുത്തം നടന്ന ഫ്ലാറ്റിലുണ്ടായിരുന്നു എന്നായിരുന്നു സംശയം.
5 ദിവസം മുമ്ബാണ് ബിനോയ് കുവൈറ്റിലെത്തുന്നത്. തീപിടിത്തം നടന്ന ദിവസം രാവിലെ 2 മണി വരെ ഇദ്ദേഹം ഓണ്‍ലൈനിലുണ്ടായിരുന്നു എന്ന് വീട്ടുകാരും അറിയിച്ചിരുന്നു. കുവൈത്തിലെത്തിയതിന് ശേഷം വീട്ടുകാരുമായി ബന്ധപ്പെട്ടിരുന്നുവെങ്കിലും അപകടം നടന്നതിന് ശേഷം ബിനോയിയെക്കുറിച്ച് മറ്റ് വിവരങ്ങളൊന്നും ലഭിച്ചില്ലായിരുന്നു. വിവരങ്ങള്‍ നോർക്കക്ക് കൈമാറി നടത്തിയ അന്വേഷണത്തിലാണ് ബിനോയ് മരിച്ചതായി സ്ഥിരീകരിച്ചത്.