മുംബൈ: 2006 ൽ മുംബൈയിൽ നടന്ന ട്രെയിൻ സ്‌ഫോടനത്തിൽ കീഴ്‌ക്കോടതി ശിക്ഷിച്ച 12 പേരെയും കുറ്റവിമുക്തരാക്കി ബോംബൈ ഹൈക്കോടതി. 2015ൽ വിചാരണ കോടതി ഈ 12 പ്രതികളെ കുറ്റക്കാരായി കണ്ടെത്തിയിരുന്നു. ഇവരിൽ അഞ്ച് പേർക്ക് വധശിക്ഷയും മറ്റുള്ളവർക്ക് ജീവപര്യന്തം തടവുമായിരുന്നു വിധിച്ചത്.
ജസ്റ്റിസ് അനിൽ കിലോർ, ജസ്റ്റിസ് ശ്യാം ചന്ദക് എന്നിവരടങ്ങിയ ഹൈക്കോടതി ബെഞ്ച്, പ്രതികൾക്കെതിരായ കേസ് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പൂർണ്ണമായും പരാജയപ്പെട്ടുവെന്ന് നിരീക്ഷിച്ചു. 2006 ൽ മുംബൈയിൽ നടന്ന ട്രെയിൻ സ്‌ഫോടനത്തിൽ 189 പേർ കൊല്ലപ്പെടുകയും 800 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷം പത്തൊൻപത് വർഷങ്ങൾക്ക് ശേഷമാണ് പ്രതികളെ കുറ്റവിമുക്തരാക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
2006 ജൂലൈ 11 ന്, 11 മിനിറ്റുകൾക്കിടെ മുംബൈയിലെ പല ലോക്കൽ ട്രെയിനുകളിലായി ഏഴ് ബോംബ് സ്‌ഫോടനങ്ങളാണ് നടന്നത്. സ്ഫോടനത്തിന് നാശനഷ്ടങ്ങൾ വർദ്ധിപ്പിക്കുന്നതിനായി റിഗ്ഗ്ഡ് പ്രഷർ കുക്കറുകൾ ഉപയോഗിച്ചു. ആദ്യ സ്ഫോടനം വൈകുന്നേരം 6.24 നാണ് ഉണ്ടായത്. അവസാനത്തേത് വൈകുന്നേരം 6.35 നും. ചർച്ച്ഗേറ്റിൽ നിന്നുള്ള ട്രെയിനുകളുടെ ഫസ്റ്റ് ക്ലാസ് കമ്പാർട്ടുമെന്റുകളിലാണ് ബോംബുകൾ സ്ഥാപിച്ചിരുന്നത്. മാട്ടുംഗ റോഡ്, മാഹിം ജംഗ്ഷൻ, ബാന്ദ്ര, ഖാർ റോഡ്, ജോഗേശ്വരി, ഭയാന്ദർ, ബോറിവാലി എന്നീ സ്റ്റേഷനുകൾക്ക് സമീപത്തു വച്ചാണ് സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തത്.
2015ൽ വിചാരണ കോടതി സ്ഫോടനക്കേസിൽ 12 പേരെ കുറ്റക്കാരായി കണ്ടെത്തിയിരുന്നു. മഹാരാഷ്ട്ര കൺട്രോൾ ഓഫ് ഓർഗനൈസ്ഡ് ക്രൈം ആക്ടിന്റെ പ്രത്യേക കോടതിയാണ് വിധി പറഞ്ഞത്. ഫൈസൽ ഷെയ്ഖ്, ആസിഫ് ഖാൻ, കമാൽ അൻസാരി, എഹ്തെഷാം സിദ്ദുഖി, നവീദ് ഖാൻ എന്നീ പ്രതികൾക്ക് വധശിക്ഷ വിധിച്ചു. ഗൂഢാലോചനയിൽ പങ്കാളികളായ മറ്റ് ഏഴ് പ്രതികളായ മുഹമ്മദ് സാജിദ് അൻസാരി, മുഹമ്മദ് അലി, ഡോ. തൻവീർ അൻസാരി, മജിദ് ഷാഫി, മുസമ്മിൽ ഷെയ്ഖ്, സൊഹൈൽ ഷെയ്ഖ്, സമീർ ഷെയ്ഖ് എന്നിവർക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചിരുന്നു. ബോംബൈ ഹൈക്കോടതിയുടെ ഇന്നത്തെ വിധിയോടെ 12 പ്രതികളെയും വെറുതെ വിട്ടു.