പാലക്കാട്: ഇടവേളയ്ക്കു ശേഷം എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ ഇന്ന് മണ്ഡലത്തിലെത്തുന്നതിനെതിരെ ബിജെപിയുടെ പ്രതിഷേധം കടുപ്പിക്കുന്നു. പുലർച്ചെ നാലുമുതൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സ്ത്രീകളടക്കമുള്ള പ്രവർത്തകർ പ്രതിഷേധത്തിനൊരുങ്ങി. എംഎൽഎ ഓഫീസ് മുന്നിലും പ്രതിഷേധം സംഘടിപ്പിക്കാൻ പ്രവർത്തകർ എത്തിയിരുന്നു.രാഹുലിന്റെ എംഎൽഎ ഓഫീസ് മതിലുകൾ മുഴുവൻ ട്രോളുകളും പരിഹാസങ്ങളും നിറഞ്ഞ പോസ്റ്ററുകളാൽ നിറഞ്ഞിരിക്കുകയാണ്. “സ്ത്രീപീഡന വീരനെ പാലക്കാടിന് വേണ്ട”, “വിവാഹം കഴിക്കാൻ നിർബന്ധിക്കരുത്”, “എത്ര നാളായി നമ്പർ ചോദിക്കുന്നു”, “ഫൈവ് സ്റ്റാർ ഹോട്ടലുകളിൽ മുറിയെടുക്കാം” തുടങ്ങി രൂക്ഷമായ സന്ദേശങ്ങളാണ് പ്ലക്കാർഡുകളിൽ പതിപ്പിച്ചിരിക്കുന്നത്. ഇതിന് പുറമെ ‘ഐ പിൽ’ സംബന്ധിച്ച ബോർഡുകളും സ്ഥാപിച്ച് പ്രതിഷേധക്കാർ രാഹുലിനെതിരെ പ്രഹസനരൂപത്തിലുള്ള പ്രചാരണം ശക്തമാക്കി.
ഒരു മാസത്തെ ഇടവേളയ്ക്കുശേഷമാണ് രാഹുൽ മാങ്കൂട്ടത്തിൽ മണ്ഡലത്തിലെത്തുന്നത്. ആരോപണങ്ങൾക്കുശേഷം അടൂരിലെ വീട്ടിൽ കഴിയുകയായിരുന്നു അദ്ദേഹം. വൈകീട്ടോടെ പാലക്കാട്ടെത്തുമെന്ന് സൂചന. നിയമസഭയിൽ എത്തിയ ശേഷമുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി മണ്ഡലത്തിൽ സജീവമാകുമെന്ന് അദ്ദേഹം അറിയിച്ചിരുന്നു.ജില്ലാ നേതാക്കളുമായി കൂടിക്കാഴ്ച നടത്താനും സ്വകാര്യ പരിപാടികളിൽ പങ്കെടുക്കാനുമാണ് രാഹുലിന്റെ തീരുമാനം. തടയില്ലെന്ന് സിപിഎം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്നാൽ സംഘർഷസാധ്യത കണക്കിലെടുത്ത് എംഎൽഎ ഓഫീസ് പരിസരത്തും നഗരത്തിനകത്തും വൻ പൊലീസ് സന്നാഹം ഏർപ്പെടുത്തി. ഇതിനിടെ എംഎൽഎ ഓഫീസിന് മുന്നിൽ തടിച്ചുകൂടിയ പ്രവർത്തകരെ പൊലീസ് അറസ്റ്റുചെയ്ത് നീക്കുകയും ചെയ്തു.


