പമ്പ: ശബരിമല അയ്യപ്പ സംഗമത്തിന്റെ വേദി വെള്ളിയാഴ്ച രാത്രി മുതൽ പമ്പാതീരത്ത് സജീവമായി. മുഖ്യമന്ത്രി പിണറായി വിജയൻ വെള്ളിയാഴ്ച രാത്രി തന്നെ പമ്പയിൽ എത്തി. ദേവസ്വം ബോർഡിന്റെ പൊതുമരാമത്ത് ഓഫീസ് കോംപ്ലക്സിലെ പ്രത്യേക മുറിയിലാണ് മുഖ്യമന്ത്രി പാർപ്പിട്ടത്.മുഖ്യമന്ത്രിയെ ദേവസ്വം മന്ത്രി വി.എൻ. വാസവൻ, ദേവസ്വം ബോർഡ് പ്രസിഡൻറ് പി.എസ്. പ്രശാന്ത്, ദേവസ്വം വകുപ്പ് സെക്രട്ടറി എം.ജി. രാജമാണിക്യം, ജില്ലാ കലക്ടർ എസ്. പ്രേംകൃഷ്ണൻ എന്നിവർ ചേർന്ന് സ്വീകരിച്ചു.അയ്യപ്പ സംഗമത്തിന്റെ ഉദ്ഘാടനം കഴിഞ്ഞ് മുഖ്യമന്ത്രി ഹെലികോപ്റ്ററിലൂടെയാണ് മടങ്ങുന്നത്. രാവിലെ 11.30ന് നിലയ്ക്കൽ ഹെലിപാഡിൽ നിന്ന് പുറപ്പെടുന്ന മുഖ്യമന്ത്രി അടൂരിലെ കെഎപി ഹെലിപാഡിൽ ഇറങ്ങും. തുടർന്ന് മാർ ഇവാനിയോസ് മെത്രാപ്പൊലീത്തയുടെ മെത്രാഭിഷേക ശതാബ്ദി സമാപനയോഗവും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.
3,500 പേർക്ക് ഇരിപ്പിട സൗകര്യത്തോട് കൂടി പ്രധാന വേദി
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പമ്പാതീരത്ത് 3,500 പേർക്ക് ഇരിക്കാവുന്ന രീതിയിൽ മൂന്ന് തട്ടിലായി പ്രധാന വേദി ഒരുക്കിയിട്ടുണ്ട്. വേദിക്ക് മുന്നിൽ വലിയ 6 എൽഇഡി സ്ക്രീനുകളും സ്ഥാപിച്ചു. തറനിരപ്പിൽ നിന്ന് 4 അടി ഉയരത്തിലുള്ള 2,400 ചതുരശ്ര അടിയിലായാണ് സ്റ്റേജ്. മുഖ്യമന്ത്രി, മന്ത്രിമാർ, ദേവസ്വം ബോർഡ് ഭാരവാഹികൾ, സമുദായ നേതാക്കൾ എന്നിവർ ഉൾപ്പെടെ 30 പേർക്ക് സ്റ്റേജിൽ ഇരിപ്പിടം ഒരുക്കിയിട്ടുണ്ട്. ക്ഷണിക്കപ്പെട്ട അതിഥികൾക്കായി പ്രത്യേക ഇരിപ്പിടവും ഒരുക്കിയിട്ടുണ്ട്.പമ്പാ മണപ്പുറത്തേക്ക് എത്തുന്ന വലിയ പാലത്തിനടുത്താണ് പ്രധാന കവാടം. ഇവിടെയാണ് രജിസ്ട്രേഷൻ കൗണ്ടർ പ്രവർത്തിക്കുന്നത്. പൊലീസിന്റെ പരിശോധനയ്ക്കു ശേഷമാണ് പ്രധാന വേദിയിലേക്കുള്ള പ്രവേശനം.
16 രാജ്യങ്ങളിൽ നിന്ന് പ്രതിനിധികൾ
അയ്യപ്പ സംഗമത്തിന് 16 രാജ്യങ്ങളിൽ നിന്ന് പ്രതിനിധികൾ എത്തുന്നുണ്ട്. ശ്രീലങ്ക, സിംഗപ്പൂർ, മലേഷ്യ എന്നിവിടങ്ങളിൽ നിന്നാണ് കൂടുതലും. ഏകദേശം 250 വിദേശപ്രതിനിധികളെയാണ് പ്രതീക്ഷിക്കുന്നത്. തമിഴ്‌നാട് ദേവസ്വം മന്ത്രി ശേഖർ ബാബു അടക്കം പ്രതിനിധികൾ സന്നിധാനത്ത് എത്തിയിട്ടുണ്ട്.മറ്റു പ്രതിനിധികൾ കുമരകം, കോട്ടയം, തിരുവല്ല, ചെങ്ങന്നൂർ, എരുമേലി തുടങ്ങിയ കേന്ദ്രങ്ങളിൽ താമസിക്കുന്നുണ്ട്. തമിഴ്‌നാട്ടിൽ നിന്ന് 1000 പേർ, കർണാടകയിൽ നിന്ന് 350 പേർ, ആന്ധ്രയിൽ നിന്ന് 800 പേർ എന്നിവരും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവരെ രാവിലെ പമ്പയിൽ എത്തിക്കുന്നതിന് കെഎസ്ആർടിസിയുടെ 25 ലോഫ്ലോർ എസി ബസുകൾ ക്രമീകരിച്ചിട്ടുണ്ട്.ഓൺലൈനായി പേര് രജിസ്റ്റർ ചെയ്തവർക്ക് ദേവസ്വം ബോർഡ് ക്ഷണക്കത്ത് അയച്ചിട്ടുണ്ട്.


