അറുപത് വര്‍ഷത്തെ റെക്കോഡ് തകര്‍ത്ത് ഹാരി കെയ്ൻ; ബയേണ്‍ മ്യൂണിക്കിന് തകര്‍പ്പൻ ജയം

ന്യൂസ് ഡെസ്ക് : ജർമൻ ബുണ്ടസ് ലിഗയില്‍ അരങ്ങേറ്റ സീസണില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന താരമെന്ന നേട്ടം സ്വന്തമാക്കി ഇംഗ്ലീഷ് നായകൻ ഹാരി കെയ്ൻ.ഡാംസ്റ്റാഡ് 98നെതിരെ തകർപ്പൻ ജയം നേടിയ മത്സരത്തില്‍ ബയേണിനായി കെയ്ൻ ഒരുതവണ വലകുലുക്കി. 

Advertisements

ഇതോടെ ലീഗ് സീസണില്‍ താരത്തിന്‍റെ ഗോള്‍ നേട്ടം 31 ആയി. ബുണ്ടസ് ലിഗയുടെ പ്രഥമ സീസണില്‍ (1963-64) ഹാംബർഗിനായി ഉവെ സീലർ നേടിയ 30 ഗോളെന്ന നേട്ടമാണ് കെയ്ൻ മറികടന്നത്. രണ്ടിനെതിരെ അഞ്ചു ഗോളിനായിരുന്നു ബയേണിന്‍റെ ജയം. ജമാല്‍ മൂസിയാല ഇരട്ടഗോളുമായി (36, 64 മിനിറ്റുകളില്‍) തിളങ്ങി. സെർജ് നാബ്രി (74ാം മിനിറ്റില്‍), മാത്തിസ് ടെല്‍ (90+3) എന്നിവരും വലകുലുക്കി. ഒന്നാം പകുതിയുടെ ഇൻജുറി ടൈമിലായിരുന്നു (45+1) കെയ്നിന്‍റെ ഗോള്‍. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഡാംസ്റ്റാഡിനായി ടിം സ്‌കാർക്ക് (28ാം മിനിറ്റില്‍), ഓസ്‌കാർ വില്‍ഹെംസണ്‍ (90+ 5) എന്നിവരാണ് ഗോള്‍ നേടിയത്. ജയത്തോടെ ലീഗില്‍ അപരാജിത കുതിപ്പുമായി ഒന്നാം സ്ഥാനത്ത് തുടരുന്ന ബയേർ ലെവർകുസനുമായുള്ള പോയന്‍റ് വ്യത്യാസം ബയേണ്‍ ഏഴാക്കി കുറച്ചു. ഒന്നാം പകുതിയില്‍ ഡാംസ്റ്റാഡ് സന്ദർശകരെ വിറപ്പിച്ചെങ്കിലും രണ്ടാംപകുതിയില്‍ ബയേണ്‍ മത്സരത്തിന്‍റെ നിയന്ത്രണം ഏറ്റെടുത്തു. ഇതിനിടെ ഗോള്‍ പോസ്റ്റില്‍ കാല് തട്ടി പരിക്കേറ്റ കെയ്ൻ മൈതാനം വിട്ടത് തിരിച്ചടിയായി. 

താരത്തിന്‍റെ പരിക്ക് ഗുരുതരമാണോ എന്നതുമായി ബന്ധപ്പെട്ട് ക്ലബ് അധികൃതർ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. ചാമ്ബ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലില്‍ ഇംഗ്ലീഷ് ക്ലബ് ആഴ്സണലാണ് ബയേണിന്‍റെ എതിരാളികള്‍. ഏപ്രില്‍ ഒമ്ബതിന് എമിറേറ്റ്സ് സ്റ്റേഡിയത്തിലാണ് ആദ്യപാദ മത്സരം.

Hot Topics

Related Articles